എബിഡി മാജിക്, പഞ്ചാബിനു വിജയലക്ഷ്യം 149

ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി എബി ഡിവില്ലിയേഴ്സ്. 22/3 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു 46 പന്തില്‍ 89 റണ്‍സ് നേടി എബിഡി രക്ഷയാവുകയായിരുന്നു. 9 സിക്സറുകളും 3 ബൗണ്ടറിയും അടങ്ങിയതായിരുന്നു എബിഡിയുടെ ബാറ്റിംഗ് പ്രകടനം. മന്ദീ്പ് സിംഗ്(28), സ്റ്റുവര്‍ട് ബിന്നി(18*) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. നിശ്ചിത 20 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടുകയായിരുന്നു ബാംഗ്ലൂര്‍.

ക്രിസ് ഗെയിലിനെ ഡഗൗട്ടിലിരുത്തി എബിഡിയെ ടീമിലേക്കെടുത്താണ് പഞ്ചാബിനെ നേരിടാന്‍ ബാംഗ്ലൂര്‍ ഇറങ്ങിയത്. ഷെയിന്‍ വാട്സണോടൊപ്പം ഓപ്പണിംഗിനിറങ്ങിയത് മലയാളിതാരം വിഷ്ണു വിനോദും. എന്നാല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ വാട്സണെ അക്സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പഞ്ചാബ് മത്സരത്തില്‍ പിടി മുറുക്കുകയായിരുന്നു. ഏറെ വൈകാതെ കൂറ്റനടിയ്ക്ക് ശ്രമിച്ച് വിഷ്ണുവും(7) ഒരു റണ്‍സെടുത്ത് കേധാര്‍ ജാഥവും പുറത്തായതോടു കൂടി ബാംഗ്ലൂര്‍ 22/3 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അക്സര്‍ പട്ടേലും സന്ദീപ് ശര്‍മ്മയും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍ കണ്ടെത്തുന്നത് ബാംഗ്ലൂരിനു നന്നേ ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മന്ദീപ് സിംഗുമായി ചെറിയൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും വൃദ്ധിമാന്‍ സാഹ മികച്ചൊരു ക്യാച്ചിലൂടെ മന്ദീപിനെ പുറത്താക്കി. പിന്നീട് കണ്ടത് ഇന്‍ഡോറില്‍ കണ്ടത് എബിഡി മാജിക് ആയിരുന്നു. എബിഡി തകര്‍ത്താടിയപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് ലൈനും ലെംഗ്തും നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. തന്റെ ആദ്യ മൂന്നോവറില്‍ 7 റണ്‍സ് വഴങ്ങിയ സന്ദീപ് ശര്‍മ്മയെ 19ാം ഓവറില്‍ 19 റണ്‍സിനാണ് ഡിവില്ലിയേഴ്സും ബിന്നിയും പറപ്പിച്ചത്.

അക്സര്‍ പട്ടേല്‍ നാലോവറില്‍ 12 റണ്‍സിനു ഒരു വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ആരോണ്‍ 4 ഓവറില്‍ 21 റണ്‍സിനു 2 വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ്മയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

Previous articleഐപിഎല്‍ 2017ലെ നൂറാം സിക്സര്‍ പറത്തി മന്ദീപ് സിംഗ്
Next articleഅർജന്റീന മോട്ടോ ജിപി മാവെറിക്ക് വിനാലെസിന്