മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്, വിജയം അവസാന പന്തില്‍

Abdevilliers
- Advertisement -

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി കോഹ്‍ലിയ്ക്കൊപ്പം ഇറക്കിയ ആര്‍സിബി 4.2 ഓവറില്‍ 36 റണ്‍സാണ് നേടിയത്.

Maxwellkohli

രജത് പടിദാറും വേഗത്തില്‍ പുറത്തായപ്പോള്‍ 46/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ട് 52 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചുവെങ്കിലും കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 33 റണ്‍സാണ് കോഹ്‍ലി നേടിയത്. അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്വെല്ലിനെയും(39) ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂര്‍ 106/5 എന്ന നിലയിലായി 15 ഓവറില്‍.

Mumbaiindianmarcojansen

ഡാന്‍ ക്രിസ്റ്റ്യന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 19 റണ്‍സായി മാറി. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ കൈല്‍ ജാമിസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12 റണ്‍സ് പിറന്നതോടെ ലക്ഷ്യം അവസാന ഓവറില്‍ 7 ആയി മാറി.

ഓവറിലെ 2 പന്ത് അവശേഷിക്കുമ്പോള്‍ 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടായി മാറി. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി ആര്‍സിബി 2 വിക്കറ്റ് വിജയം നേടി.

Advertisement