ഐ.പി.എല്ലിൽ 13 പേരുടെ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച് ബി.സി.സി.ഐ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട 13 പേരുടെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് ബി.സി.സി.ഐ. 13 പേരിൽ 2 പേർ താരങ്ങൾ ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങളോ ടീമിന്റെ പേരോ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. അതെ സമയം താരങ്ങളെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്നും ഐ.പി.എൽ മെഡിക്കൽ ടീം കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപെട്ടവർക്കാണ് കോവിഡ് വൈറസ് ബാധയേറ്റതെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ ദീപക് ചഹാർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഓഗസ്റ്റ് 20 മുതൽ 28 വരെയുള്ള കാലയളവിൽ ടീം അംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, ടീം മാനേജ്‌മന്റ്, ബി.സി.സി.ഐ അംഗംങ്ങൾ, ഐ.പി.എൽ ഓപ്പറേഷണൽ അംഗങ്ങൾ, ഹോട്ടൽ – ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവരടക്കം 1988 പേരുടെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Advertisement