ഐപിഎല്‍ നഷ്ടം സങ്കടമുളവാക്കുന്നത് പക്ഷേ മനസ്സിലാക്കാവുന്നത്

- Advertisement -

ഐപിഎല്‍ ലേലത്തില്‍ വിറ്റു പോകാത്തതില്‍ സങ്കടമുണ്ടെന്നറിയിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ആദ്യമായി ഐപിഎല്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോ റൂട്ട് ഐപിഎല്‍ ലേലത്തില്‍ പങ്കുചേരുന്നത്. ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സിന്റെ ഉപദേശം അവഗണിച്ചായിരുന്നു റൂട്ട് ഐപിഎല്‍ ലേല നടപടികള്‍ക്കായി തന്റെ പേര് ചേര്‍ത്തത്. റൂട്ട് ഐപിഎല്‍ കളിക്കരുത് എന്നായിരുന്നു ബെയിലിസ്സിന്റെ ഉപദേശം. എന്നാല്‍ റൂട്ടിനെ മാര്‍ക്കീ താരമായാണ് അവതരിപ്പിച്ചതെങ്കിലും ഒരു ഫ്രാഞ്ചൈസികളും താരത്തില്‍ താല്പര്യം കാണിച്ചില്ല.

കൂടുതല്‍ ടി20 പരിചയത്തിനു വേണ്ടിയായിരുന്നു താന്‍ ഐപിഎല്‍ കളിക്കുവാന്‍ ആഗ്രഹിച്ചത്. പണമായിരുന്നില്ല ലക്ഷ്യം. എന്നാല്‍ വിഷമമുണ്ടെങ്കിലും യാഥാര്‍ത്ഥ്യം താന്‍ മനസ്സിലാക്കുന്നു എന്നാണ് റൂട്ട് പറഞ്ഞത്. ഫ്രാഞ്ചൈസികള്‍ക്ക് വ്യക്തമായ നയങ്ങളുണ്ടായിരുന്നു. അതില്‍ ഞാന്‍ വരുന്നില്ല എന്നത് എനിക്ക് മനസ്സിലായി.

റൂട്ടിനെ വിശ്രമത്തിനായി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ ഇംഗ്ലണ്ട് അനുമതി നല്‍കിയിരുന്നു. ഐപിഎല്‍ കരാര്‍ ലഭിക്കുമെന്നും അതു വഴി താരത്തിനു കൂടുതല്‍ ടി20 അവസരം ലഭിച്ചേക്കുമെന്ന ചിന്തയായിരുന്നു ഈ വിശ്രമം അനുവദിക്കലിനു പിന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement