റഷീദ് ഖാനെ നേരിടുവാന്‍ സഹായിച്ചത് ഐപിഎല്‍ പരിചയം: ശിഖര്‍ ധവാന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് അഫ്ഗാനിസ്ഥാനു അത്ര സുഖകരമല്ലായിരുന്നു മത്സരത്തിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍. എന്നാല്‍ അവസാന സെഷനുകളില്‍ വിക്കറ്റുകളുമായി തിരിച്ചുവന്നുവെങ്കിലും ആദ്യ സെഷനിലേറ്റ് തിരിച്ചടി അവരെ മത്സരത്തില്‍ പിന്നോട്ടാക്കുകകയായിരുന്നു. ശിഖര്‍ ധവാന്‍ ലഞ്ചിനു മുമ്പ് ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ നിരയില്‍ പ്രഹരം ഏറ്റുവാങ്ങിയത് ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാനായിരുന്നു.

ഏകദിനങ്ങളിലും ടി20കളിലും താന്‍ സൃഷ്ടിക്കുന്ന വിസ്മയം ടെസ്റ്റില്‍ സൃഷ്ടിക്കുവാന്‍ റഷീദ് ഖാനു സാധിക്കാതെ വന്നതിനു പ്രധാന കാരണം ശിഖര്‍ ധവാന്റെ കടന്നാക്രമണം തന്നെയായിരുന്നു. ഐപിഎലിലെ താന്‍ നെറ്റ്സില്‍ റഷീദ് ഖാനെ നേരിട്ടതാണ് ഇപ്പോള്‍ തനിക്ക് ഗുണമായതെന്നാണ് ശിഖറിന്റെ അഭിപ്രായം. രണ്ട് വര്‍ഷത്തോളമായി ഞാന്‍ നെറ്റ്സില്‍ റഷീദിനെ നേരിടുന്നു. അത് തീര്‍ച്ചയായും തന്നെ സഹായിച്ചിട്ടുണ്ടെന്ന് ശിഖര്‍ പറഞ്ഞു.

മത്സരത്തിന്റെ അവസാനത്തോടെ മികച്ച സ്പെല്ലുമായി റഷീദ് ഖാന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. അവസാന സ്പെല്ലില്‍ 9 ഓവറില്‍ 15 റണ്‍സിനു ഒരു വിക്കറ്റാണ് റഷീദ് നേടിയത്. 26 ഓവറില്‍ 120 റണ്‍സാണ് റഷീദ് ആദ്യ ദിവസം വഴങ്ങിയത്.

ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍ മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. 280/1 എന്ന നിലയില്‍ നിന്ന് ഇന്ത്യയെ 334/6 എന്ന നിലയിലേക്ക് പിടിച്ചുകെട്ടുവാന്‍ ടെസ്റ്റിലെ കന്നിക്കാര്‍ക്കായി. ശിഖര്‍ ധവാനും മുരളി വിജയയും ശതകം നേടിയപ്പോള്‍ കെഎല്‍ രാഹുല്‍ അര്‍ദ്ധ ശതകം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial