വനിത പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിൽ ഗുജറാത്തും മുംബൈയും, ടോസ് അറിയാം

വനിത പ്രീമിയര്‍ ലീഗ് ഉദ്ഘാടന സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ജയന്റ്സ്. മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബൗള്‍ ചെയ്യുവാന്‍ ഗുജറാത്തിന്റെ ക്യാപ്റ്റന്‍ ബെത്ത് മൂണി തീരുമാനിച്ചു. നവി മുംബൈയിലെ ഡോക്ടര്‍ ഡിവൈ പാട്ടിൽ സ്പോര്‍ട്സ് അക്കാദമിയിൽ ആണ് മത്സരം നടക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്: Hayley Matthews, Yastika Bhatia(w), Harmanpreet Kaur(c), Nat Sciver-Brunt, Amelia Kerr, Amanjot Kaur, Pooja Vastrakar, Humaira Kazi, Issy Wong, Jintimani Kalita, Saika Ishaque

ഗുജറാത്ത് ജയന്റ്സ്: Beth Mooney(w/c), Sabbhineni Meghana, Harleen Deol, Ashleigh Gardner, Annabel Sutherland, Dayalan Hemalatha, Georgia Wareham, Sneh Rana, Tanuja Kanwar, Monica Patel, Mansi Joshi

 

ആർ സി ബി WPLനായുള്ള ജേഴ്സി പുറത്തിറക്കി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ സി ബി) വരാനിരിക്കുന്ന വിമൻസ് പ്രീമിയർ ലീഗിനായി (ഡബ്ല്യുപിഎൽ) പുതിയ ജേഴ്‌സി പുറത്തിറക്കി. ചുവപ്പും കറുപ്പും ഉള്ള പരമ്പരാഗത നിറങ്ങളിൽ ആണ് ജേഴ്സി. ഡ്രീം11, പ്യൂമ എന്നിവയുൾപ്പെടെ പുതിയ സ്പോൺസർമാരെയും ടീം ജേഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മൃതി മന്ദാന, രേണുക സിംഗ്, റിച്ച ഘോഷ്, സോഫി ഡിവൈൻ എന്നിവർ പുതിയ ജേഴ്സിയിൽ ഉള്ള ചിത്രങ്ങൾ ആർ സി ബി പങ്കുവെച്ചു. എല്ലിസ് പെറി, ഹീതർ നൈറ്റ്, എറിൻ ബേൺസ്, ഡെയ്ൻ വാൻ നീകെർക്ക് തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പെടെ WPL 2023-ന് വേണ്ടി ആർ‌സി‌ബി ഒരു സ്റ്റാർ സ്റ്റഡഡ് സ്ക്വാഡ് തന്നെ ഒരുക്കിയിട്ടുണ്ട്.

ഫിബ്രവരി 13ന് നടന്ന ആദ്യ ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ സ്മൃതി മന്ദാനയെ ഡബ്ല്യുപിഎൽ ടീമിന്റെ ക്യാപ്റ്റനായി ആർസിബി നിയമിച്ചിരുന്നു. മാർച്ച് 4 ന് ആണ് ലീഡ് ആരംഭിക്കുന്നത്.

ഓസ്ട്രേലിയയെ ലോക കിരീടത്തിലേക്ക് നയിച്ച മെഗ് ലാനിങ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കും

വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗ് മാർച്ച് 4 മുതൽ മുംബൈയിൽ ആരംഭിക്കുന്ന ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. മെഗ് ലാനിംഗ് ആകും ഡൽഹിയുടെ ആദ്യ സീസണിലെ ക്യാപ്റ്റൻ എന്ന് ടീം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച്ച അവസാനിച്ച ടി20 ലോകകപ്പ് ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയിൽ നാല് ടി20 ലോകകപ്പുകൾ നേടി റെക്കോർഡിട്ട താരമാണ് 30കാരിയാ ലാനിംഗ്.

വ്യാഴാഴ്ച പ്രഥമ WPL ടൂർണമെന്റിനായി അവർ മുംബൈയിലെത്തി. 132 ടി20കൾ കളിച്ചിട്ടുള്ള അവർ 36.61 ശരാശരിയിലും 116.37 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 3405 റൺസ് നേടിയിട്ടുണ്ട്. 100 ടി20 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിക്കുകയ്യ്ം ചെയ്തു. മാർച്ച് 5 ന് ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് അവരുടെ WPL കാമ്പെയ്‌ൻ ആരംഭിക്കും, ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയി ജെമിമ റോഡ്രിഗസിനെയും നിയമിച്ചു.

ഹർമൻപ്രീത് കൗർ തന്നെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ

വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ഉദ്ഘാടന സീസണിന് മുന്നോടിയായി ഹർമൻപ്രീത് കൗറിനെ വനിതാ ടീമിന്റെ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് നിയമിച്ചു. ഒരു ദശാബ്ദത്തിലേറെയായി ദേശീയ ടീമിന്റെ നെടുംതൂണായ ഹർമൻപ്രീത് തന്നെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആകും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇന്ത്യൻ ബാറ്റർ അടുത്തിടെ 150 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരമായി മാറിയിരുന്നു.

ഒരു അർജുന അവാർഡ് ജേതാവ് കൂടിയായ ഹർമൻപ്രീതിന് ക്യാപ്റ്റൻ ആയി മികച്ച വിജയ റെക്കോർഡുമുണ്ട്. ഇന്ത്യക്ക് വേണ്ടി ടി20യിൽ ഒരു സെഞ്ചുറിയും 10 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 28.05 ശരാശരിയിൽ 3,058 റൺസ് അവർ നേടിയിട്ടുണ്ട്. മാർച്ച് 4 ന് DY പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് WPL 2023 ന്റെ സീസൺ ഓപ്പണർ കളിക്കും.

ഗുജറാത്ത് ജയന്റ്സിനെ ബെത്ത് മൂണി നയിക്കും

പ്രഥമ വനിത പ്രീമിയര്‍ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ബെത്ത് മൂണി നയിക്കും. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ ഡെപ്യൂട്ടിയായി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരമായ സ്നേഹ് റാണയെയും നിയമിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ കഴിഞ്ഞ ദിവസം ടി20 ലോകകപ്പ് നേടിയപ്പോള്‍ ബെത്ത് മൂണി 53 പന്തിൽ പുറത്താകാതെ 74 റൺസാണ് നേടിയത്. രണ്ട് അന്താരാഷ്ട്ര ടി20 ശതകങ്ങള്‍ നേടിയിട്ടുള്ള താരം 18 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്.

മൂന്ന് ലോകകപ്പ് കിരീടവും കോമൺവെൽത്ത് സ്വര്‍ണ്ണവും നേടിയ താരം മൂന്ന് വട്ടം ബിഗ് ബാഷ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

മുംബൈ ഇന്ത്യൻ WPLനായുള്ള ജേഴ്സി പുറത്തിറക്കി

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ്, വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) വരാനിരിക്കുന്ന ഉദ്ഘാടന സീസണിലേക്ക് തങ്ങളുടെ ജേഴ്‌സി പുറത്തിറക്കി. അവരുടെ ഐ‌പി‌എൽ ജേഴ്‌സിയിൽ നിന്നുള്ള ഐക്കണിക് ബ്ലൂ, ഗോൾഡ് കളർ സ്കീം നിലനിർത്തിയാണ് പുതിയ ജേഴ്സി ഡിസൈൻ. പുരുഷ ലീഗിലെ തങ്ങളുടെ വിജയം WPL ലെ അവരുടെ വനിതാ ടീമിനൊപ്പം ആവർത്തിക്കാൻ നോക്കുകയാണ് മുംബൈ.

മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇന്ന് ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, പൂജ വസ്ത്രകർ, യാസ്തിക ഭാട്ടിയ എന്നിവരെയും വിദേശ താരങ്ങളായ നതാലി സ്കീവർ, അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് തുടങ്ങിയവരെയും MI ഉദ്ഘാടന WPL സീസണിണായി സ്വന്തമാക്കിയിട്ടുണ്ട്.

WPLൽ അലിസ ഹീലി യുപി വാരിയേഴ്‌സിനെ നയിക്കും

വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയെ തങ്ങളുടെ ക്യാപ്റ്റനായി യുപി വാരിയേഴ്‌സ് പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ പ്ലെയർ ലേലത്തിൽ 70 ലക്ഷം രൂപയ്ക്കായിരുന്നു യുപി വാരിയേഴ്‌സ് ഹീലിയെ സ്വന്തമാക്കിയത്.

139 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹീലി ലോകത്തിലെ ഏറ്റവും പരിചയസമ്പന്നയായ ഓപ്പണർമാരിൽ ഒരാളാണ്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ഹീലി , “ഞങ്ങൾ ഇവിടെ വിജയിക്കാനും നല്ല ക്രിക്കറ്റ് കളിക്കാനും ആണ് ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു. വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ 2023 മാർച്ച് 4 മുതൽ മാർച്ച് 26 വരെ മുംബൈയിൽ ആകും നടക്കുക. ബ്രാബോൺ സ്റ്റേഡിയവും DY പാട്ടീൽ സ്റ്റേഡിയവും ആകും മത്സരങ്ങൾക്ക് വേദിയാവുക. മാർച്ച് 5 ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിട്ടു കൊണ്ടാകും യുപി വാരിയേഴ്സ് സീസൺ ആരംഭിക്കുക.

വനിത പ്രീമിയര്‍ ലീഗ് ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കി ടാറ്റ

വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്കാണ് ടാറ്റ സൺസ് ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെയും ടാറ്റ ഫിനാന്‍ഷ്യൽ സര്‍വീസിന്റെയും പ്രൊമോഷനാണ് കൂടുതലായും ഉണ്ടാകുക എന്നാണ് അറിയുന്നത്.

നിലവിൽ ഐപിഎലിന്റെ ടൈറ്റിൽ റൈറ്റ്സും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സിന്റെ മൂല്യം എത്രയാണെന്നത് പുറത്ത് വന്നിട്ടില്ല.

 

സ്മൃതി മന്ദാന ആർ സി ബിയെ നയിക്കും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഫ്രാഞ്ചൈസി വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിനുള്ള (ഡബ്ല്യുപിഎൽ) വനിതാ ടീമിന്റെ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. അടുത്തിടെ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് ആർസിബി മന്ദാനയെ സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സ്മൃതി.

വിരാട് കോഹ്‌ലിയുടെയും ഫാഫ് ഡു പ്ലെസിസിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിലൂടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഇടംകൈയ്യൻ ഓപ്പണർ, ടീമിനെ നയിക്കാൻ അവസരം നൽകിയതിൽ ആർസിബിയോടുള്ള നന്ദി അറിയിച്ചു.

113 WT20I കളിൽ നിന്ന് 27.15 ശരാശരിയിലും 123.19 സ്ട്രൈക്ക് റേറ്റിലും 2661 റൺസ് നേടിയ മന്ദാന, വനിതാ ഗെയിമിലെ സൂപ്പർ സ്റ്റാറാണ്.

ആര്‍സിബി വനിത ടീമിന്റെ മെന്ററായി സാനിയ മിര്‍സ

വനിത പ്രീമിയര്‍ ലീഗിലെ ആര്‍സിബി ടീമിന്റെ മെന്ററായി സാനിയ മിര്‍സയെ നിയമിച്ചു. വനിത സ്പോര്‍ട്സിലെ ഇന്ത്യയുടെ വലിയ പ്രഛോദനം തന്നെയാണ് ടെന്നീസ് താരം സാനിയ മിര്‍സ. ആര്‍സിബി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍സിബി തന്നെ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും എന്നാൽ ഇതിൽ താന്‍ ആവേശം കൊള്ളുന്നുണ്ടെന്നും സാനിയ പറഞ്ഞു. തന്റെ അടുത്ത ജോലി യുവതികളെയും ചെറിയ കുട്ടികളെയും സ്പോര്‍ട്സ് അവരുടെ കരിയര്‍ ആണെന്ന് വിശ്വാസത്തിൽ എടുപ്പിക്കുക എന്നതാണെന്നും സാനിയ കൂട്ടിചേര്‍ത്തു.

സ്പോര്‍ട്സിൽ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നത് പ്രധാനമാണെന്നും താന്‍ അതിനാവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്നും സാനിയ പറഞ്ഞു.

WPL ഫിക്സ്ചറുകൾ എത്തി, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിമൻസ് പ്രീമിയർ ലീഗ് (WPL) 2023-ന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന ഡബ്ല്യുപിഎൽ ആദ്യ സീസണിൽ 23 ദിവസങ്ങളിലായാകും ലീഗ് പൂർത്തിയാക്കുക.

ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ലീഗിന്റെ ഉദ്ഘാടന മത്സരം. രണ്ടാം ദിവസം ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെയും തുടർന്ന് വൈകുന്നേരം ഗുജറാത്ത് ജയന്റ്‌സിനെ യുപി വാരിയോഴ്‌സും നേരിടും.

ലീഗിൽ നാല് ഇരട്ട ഹെഡറുകൾ ഉണ്ടാകും. ഇങ്ങനെ രണ്ട് മത്സരങ്ങൾ നടക്കുമ്പോൾ ആദ്യ മത്സരം 3:30 PMന് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന എല്ലാ മത്സരങ്ങളും 7:30 PMനാകും ആരംഭിക്കുക്. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയവും ബ്രാബോൺ സ്റ്റേഡിയവും 11 വീതം മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കും.

മാർച്ച് 21ന് ബ്രാബോൺ സ്റ്റേഡിയത്തിൽ യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തോടെ ലീഗ് ഘട്ടം സമാപിക്കും. എലിമിനേറ്റർ മാർച്ച് 24-ന് DY പാട്ടീൽ സ്റ്റേഡിയത്തിലും 2023-ലെ വനിതാ പ്രീമിയർ ലീഗ് ഫൈനൽ മാർച്ച് 26-ന് ബ്രാബോൺ സ്റ്റേഡിയത്തിലും നടക്കും.

ഫിക്സ്ചർ:

ക്രിപ്റ്റോ, വാതുവെപ്പ്, പുകയില പരസ്യങ്ങൾ വേണ്ട എന്ന WPL ടീമുകളോട് BCCI

ഉദ്ഘാടന സീസണിന് മുന്നോടിയായി വിമൻസ് പ്രീമിയർ ലീഗ് (WPL) ഫ്രാഞ്ചൈസികൾക്ക് പരസ്യങ്ങളുടെയും സ്പോൺസർമാരുടെയും കാര്യത്തിൽ കർശന നിർദ്ദേശവുമാഉഇ ബി സി സി ഐ. ഫാന്റസി സ്‌പോർട്‌സുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പച്ചക്കൊടി കാട്ടിയിട്ടുണ്ട് എങ്കിലും ക്രിപ്‌റ്റോകറൻസികൾ, വാതുവെപ്പ്, ചൂതാട്ടം, പുകയില ഉത്പന്നങ്ങൾ എന്നിവയുമായുള്ള ഒരു ബന്ധവും പാടില്ല എന്ന് കർശനമായി തന്നെ ബി സി സി ഐ പറഞ്ഞു. ഇവയുമായുള്ള സഹകരണങ്ങൾ നിരോധിച്ചിട്ടുണ്ട് എന്നും ബി സി സി ഐ അറിയിച്ചു.

ഡബ്ല്യുപിഎൽ സീസൺ ആരംഭിക്കുന്നതിന് 10 ദിവസത്തിന് മുമ്പ് എല്ലാ വാണിജ്യ കരാറുകളുടെയും പകർപ്പുകൾ അവലോകനത്തിനായി സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ഫെബ്രുവരി 13 ന് നടന്ന l ഫ്രാഞ്ചൈസികളുടെ ലേലത്തെ പിന്നാലെയാണ് ബി സി സി ഐ ഈ കാര്യം അറിയിച്ചത്. മാർച്ച് 4 മുതൽ 26 വരെ ആകും പ്രഥമ വനിതാ ഐ പി എൽ സീസൺ നടക്കുക.

Exit mobile version