രോഹിത്തും ഡി കോക്കും ഓപ്പണര്‍മാര്‍, തന്റെ അവസരത്തിനായി താന്‍ കാത്തിരിക്കും – ക്രിസ് ലിന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ മുംബൈയ്ക്കായി ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയുമാണ് ഓപ്പണ്‍ ചെയ്യുകയെന്ന് മത്സരത്തിന് ഏറെ മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധേനെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ടീമിലേക്ക് പുതുതായി എത്തിയ ക്രിസ് ലിന്നിന് അവസരമില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.

രോഹിത് ടീമിനായി ചെയ്ത മഹത്തരമായ കാര്യങ്ങളെ താന്‍ മാനിക്കുന്നുവെന്നും അതിനാല്‍ തന്നെ തന്റെ അവസരത്തിനായി താന്‍ കാത്തിരിക്കുമെന്നും ക്രിസ് ലിന്‍ വ്യക്തമാക്കി. ഓപ്പണര്‍ ആയി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വിവിധ ടി20 ലീഗുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തിന് ടീമിലെ നാല് വിദേശ താരങ്ങളില്‍ ഒരാളായി അവസരം ലഭിയ്ക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

ഐപിഎലിന് തൊട്ടുമുമ്പുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. അതും ഒരു കാരണമാവാം മുംബൈയെ ടോപ് ഓര്‍ഡറില്‍ ലിന്നിനെ പരീക്ഷിക്കാതിരിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍. രോഹിത്തിനൊപ്പം ക്വിന്റണ്‍ ഡി കോക്കും മാസ്മരിക താരമാണെന്ന് ലിന്‍ വ്യക്തമാക്കി.

തനിക്ക് ടോപ് ഓര്‍ഡറിലോ മിഡിലോര്‍ഡറിലോ എവിടെ ആയാലും ടീമില്‍ ഇടം പിടിക്കാനായാല്‍ സന്തോഷമേയുള്ളുവെന്നും യുഎഇയില്‍ ടി10 ടൂര്‍ണ്ണമെന്റില്‍ തനിക്ക് മികച്ച ഓര്‍മ്മകള്‍ ഉണ്ടെന്നുള്ളതും താരം ഓര്‍മ്മപ്പെടുത്തി.