പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ആന്‍ഡ്രൂ ടൈ, നാല് വിക്കറ്റ് പ്രകടനം നിര്യാതയായ മുത്തശ്ശിക്ക് സമര്‍പ്പിച്ച് താരം

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള നാല് വിക്കറ്റ് പ്രകടനത്തിലൂടെ ഐപിഎല്‍ 2018ന്റെ പര്‍പ്പിള്‍ ക്യാപ് ഉടമയായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈ. മത്സരത്തിലെ നാല് വിക്കറ്റുകളോടെ ടൂര്‍ണ്ണമെന്റിലെ തന്റെ വിക്കറ്റ് നേട്ടം 16 ആക്കി താരം ഉയര്‍ത്തിയിട്ടുണ്ട്. മത്സരത്തിനിടെ ഓരോ വിക്കറ്റ് നേടുമ്പോളും താരം ഒരു കറുത്ത ആം ബാന്‍ഡില്‍ മുത്തമിടുന്നുണ്ടായിരുന്നു.

ഇന്നിംഗ്സ് ബ്രേക്കില്‍ പര്‍പ്പിള്‍ ക്യാപ് നല്‍കുന്നതിനിടെയാണ് താരം കാരണം വ്യക്തമാക്കിയത്. ഇന്ന് തന്റെ മുത്തശ്ശി നിര്യാതയായിയെന്നാണ് ഈ ചെയ്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ടൈ പറഞ്ഞത്. ഇന്നത്തെ തന്റെ പ്രകടനവും പര്‍പ്പിള്‍ ക്യാപ്പും നിര്യാതയായ മുത്തശ്ശിക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്നും ടൈ പറഞ്ഞു.

തന്റെ വിഷമ സാഹചര്യങ്ങളില്‍ തന്നോടൊപ്പം നിന്ന എല്ലാ ടീമംഗങ്ങള്‍ക്കും ടൈ നന്ദി അറിയിച്ചു. തന്റെ ആം ബാന്‍ഡില്‍ “Grandma” എന്ന് ആലേഖനം ചെയ്തതും ടൈ തന്നെ ഇന്റര്‍വ്യൂ ചെയ്തവരെ കാണിച്ചിരുന്നു. ഇന്റര്‍വ്യൂവിനെിടെ മുത്തശ്ശിയുടെ ഓര്‍മ്മകളില്‍ ടൈയുടെ കണ്ണുകള്‍ നിറഞ്ഞതും ടിവി സ്ക്രീനില്‍ തെളിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial