ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ആര്‍സിബിയെ 163 റൺസിലെത്തുവാന്‍ സഹായിച്ച് ടിം ഡേവിഡിന്റെ ബാറ്റിംഗ്. താരം 20 പന്തിൽ 37 റൺസ് നേടിയപ്പോള്‍ ആര്‍സിബി 7 വിക്കറ്റ് നഷ്ടത്തിൽ ഈ റൺസ് നേടി. ടോപ് ഓര്‍ഡറിൽ ഫിലിപ്പ് സാള്‍ട്ട് മികച്ച തുടക്കം നൽകിയ ശേഷം ആര്‍സിബി തകരുകയായിരുന്നു.
61 റൺസാണ് ഫിൽ സാള്‍ട്ട് – വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 3.5 ഓവറിൽ ഈ മിന്നും സ്കോറിലേക്ക് ആര്‍സിബി എത്തിയെങ്കിലും ഫിലിപ് സാള്‍ട്ട് റൺ ഔട്ട് ആയതോടെ ടീമിന്റെ തകര്‍ച്ച ആരംഭിച്ചു.
17 പന്തിൽ 37 റൺസ് നേടിയ ഫിലിപ്പ് സാള്‍ട്ട് പുറത്തായ ശേഷം പവര്‍പ്ലേയിലെ അവസാന ഓവറിൽ ദേവ്ദത്ത് പടിക്കലിനെ ടീമിന് നഷ്ടമായി. 7ാം ഓവറിൽ വിരാട് കോഹ്‍ലിയും പുറത്തായപ്പോള്‍ 74/3 എന്ന നിലയിലായിരുന്നു ടീം. 14 പന്തിൽ 22 റൺസാണ് വിരാട് കോഹ്‍ലി നേടിയത്.
രജത് പടിദാര്‍ ഒരു വശത്ത് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഡൽഹി ബൗളര്‍മാര്‍ വിക്കറ്റുകളുമായി പിടിമുറുക്കി. ലിയാം ലിവിംഗ്സ്റ്റണിനെയും ജിതേഷ് ശര്‍മ്മയെയും നഷ്ടമായതോടെ ബെംഗളൂരു 102/5 എന്ന നിലയിലേക്ക് വീണു.
15 റൺസ് കൂടി നേടുന്നതിനിടെ ആര്‍സിബിയ്ക്ക് രജത് പടിദാറിനെയും നഷ്ടമായതോടെ ടീമിന്റെ നില പരുങ്ങലിലായി. ക്രുണാൽ പാണ്ഡ്യയെ (18) വിപ്‍രാജ് നിഗം പുറത്താക്കിയപ്പോള്‍ ആര്‍സിബിയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. വിപ്‍രാജ് നിഗം 4 ഓവറിൽ 18 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റ് നേടി.
അവസാന ഓവറുകളിൽ ടിം ഡേവിഡ് നടത്തിയ ബാറ്റിംഗ് പ്രകടനം ആണ് ആര്‍സിബിയെ 163 റൺസിലേക്ക് എത്തിച്ചത്. 38 റൺസാണ് 8ാം വിക്കറ്റിൽ 17 പന്തിൽ നിന്ന് ടിം ഡേവിഡ് – ഭുവനേശ്വര്‍ കുമാര്‍ കൂട്ടുകെട്ട് നേടിയത്. ഇതിൽ ഒരു റൺസാണ് ഭുവിയുടെ സംഭാവന.