മുംബൈയ്ക്ക് ആശ്വാസമായി തിലക് വര്‍മ്മയുടെ ഇന്നിംഗ്സ്, ചെന്നൈയ്ക്കെതിരെ 155 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Tilakvarma
Download the Fanport app now!
Appstore Badge
Google Play Badge 1

2/2 എന്ന നിലയിലേക്കും 47/4 എന്ന നിലയിലേക്കും വീണ മുംബൈയെ 155/7 റൺസിലേക്ക് എത്തിച്ച് തിലക് വര്‍മ്മ. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ ഓവറിൽ തന്നെ രോഹിത്തിനെയും ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 2 റൺസായിരുന്നു.

Mukeshchoudhary

ഇരു താരങ്ങളും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസിനെയും വീഴ്ത്തി മുകേഷ് ചൗധരി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് സൂര്യകുമാര്‍ യാദവും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 24 റൺസ് കൂടി നാലാം വിക്കറ്റിൽ നേടിയെങ്കിലും 32 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് മടങ്ങിയതോടെ മുംബൈ കൂടുതൽ പ്രതിരോധത്തിലായി.

തിലക് വര്‍മ്മയും ഹൃതിക് ഷൗക്കീനും ചേര്‍ന്ന് 38 റൺസ് നേടിയപ്പോള്‍ അതിൽ 25 റൺസ് ഷൗക്കീന്‍ ആണ് നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്ന് വിഭിന്നമായി ബാറ്റ് വീശിയ തിലക് വര്‍മ്മ ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സാണ് കളിച്ചത്.

51 റൺസ് നേടിയ തിലക് പുറത്താകാതെ നിന്നപ്പോള്‍ 9 പന്തിൽ 19 റൺസുമായി ജയ്ദേവ് ഉനഡ്കടും നിര്‍ണ്ണായക സംഭാവനകള്‍ അവസാന ഓവറുകളിൽ നൽകി. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ 16 റൺസ് പിറന്നപ്പോള്‍ ഉനഡ്കട് ആണ് ഒരു സിക്സും ഫോറും നേടി മുംബൈയെ 155 റൺസിലേക്ക് എത്തിച്ചത്. 120/7 എന്ന നിലയിലേക്ക് 17.2 ഓവറിൽ വീണ മുംബൈയ്ക്കായി ജയ്ദേവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് 35 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്.

ചെന്നൈയ്ക്കായി മുകേഷ് ചൗധരി മൂന്നും ഡ്വെയിന്‍ ബ്രാവോ 2 വിക്കറ്റും നേടി.