അതൊരു സര്‍പ്രൈസ് ആയിരിക്കും!!! ഹാര്‍ദ്ദിക് വരും സീസണിൽ പന്തെറിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം

താന്‍ ഐപിഎൽ 2022ൽ പന്തെറിയുമോ എന്നത് ഏവര്‍ക്കും സര്‍പ്രൈസ് ആയിരിക്കുമെന്ന് പറഞ്ഞ് അഹമ്മദാബാദ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തന്റെ കാര്യത്തെക്കുറിച്ച് ടീമിന് വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കുവാനുള്ള തീരുമാനങ്ങളാണ് താനും മറ്റുള്ളവരും ചെയ്യുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ഹാര്‍ദ്ദിക്കിനൊപ്പം റഷീദ് ഖാന്‍, ശുഭ്മന്‍ ഗിൽ എന്നിവരെയാണ് പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് സ്വന്തമാക്കിയത്. ആശിഷ് നെഹ്റ മുഖ്യ കോച്ചും ഗാരി കിര്‍സ്റ്റന്‍ ടീം മെന്ററുമായി എത്തുന്ന ടീം പുതു ചരിത്രം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണെന്നും പാണ്ഡ്യ വ്യക്തമാക്കി.

താന്‍ ധോണി, കോഹ്‍ലി, രോഹിത് എന്നിവര്‍ക്ക് കീഴിൽ കളിച്ച് നേടിയ ക്രിക്കറ്റ് ജ്ഞാനം ക്യാപ്റ്റന്‍സിയിൽ തുണയാകുമെന്നാണ് കരുതുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. താന്‍ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ താല്പര്യപ്പെടുന്ന താരമായിരുന്നുവെന്നും അതിനാൽ തന്നെ ഈ ചുമതലയെ താന്‍ ഏറ്റെടുക്കുവാന്‍ ഉറ്റുനോക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു.