അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍ വരെ മത്സരം കൊണ്ടെത്തിക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും പത്തോവറിനുള്ളില്‍ നൂറ് റണ്‍സ് കടത്തിയ ഡേവിഡ് വാര്‍ണര്‍-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് നല്‍കിയ തുടക്കം നല്‍കിയ ആനുകൂല്യം വലിയ സ്കോര്‍ പിന്തുടരുന്നതില്‍ സണ്‍റൈസേഴ്സിനു നിര്‍ണ്ണായകമായി മാറി.

9.4 ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ 110 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 37 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ വാര്‍ണര്‍ പുറത്തായ ഏറെ വൈകാതെ 28 പന്തില്‍ 48 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും പുറത്തായി. സ്റ്റോക്സ് വാര്‍ണറെ പുറത്താക്കിയപ്പോള്‍ ശ്രേയസ്സ് ഗോപാലാണ് ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയത്.

വിജയ് ശങ്കര്‍ 15 പന്തില്‍ 35 റണ്‍സ് നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയെങ്കിലും കെയിന്‍ വില്യംസണെ(14) ജയ്ദേവ് ഉനഡ്കടും വിജയ് ശങ്കറെ ശ്രേയസ്സ് ഗോപാലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി. അതേ ഓവറില്‍ ഗോപാല്‍ മനീഷ് പാണ്ടേയെയും പുറത്താക്കിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ പ്രതീക്ഷ വന്നുവെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ യൂസഫ് പത്താനും റഷീദ് ഖാനും ടീമിനെ മുന്നോട്ട് നയിച്ചു.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സും നേടി റഷീദ് ഖാനാണ് ടീമിനെ ഒരോവര്‍ അവശേഷിക്കെ വിജയത്തിലേക്ക് നയിച്ചത്. യൂസഫ് പത്താന്‍ 16 റണ്‍സും റഷീദ് ഖാന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 6ാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.