Marcusstoinis

അവസാനം വരെ പൊരുതി മുംബൈ, ലക്നൗവിന് നിര്‍ണ്ണായകമായത് സ്റ്റോയിനിസിന്റെ ഫിഫ്റ്റി

സ്കോറിംഗ് മത്സരത്തിൽ അവസാന ഓവറിൽ മാത്രം വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. സ്റ്റോയിനിസിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം വിക്കറ്റുകളുമായി മുംബൈ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍  19.2 ഓവറിലാണ് ലക്നൗ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ നൽകിയ ലക്ഷ്യം മറികടന്നത്.

ആദ്യ ഓവറിൽ അര്‍ഷിന്‍ കുൽക്കര്‍ണ്ണിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും 58 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 22 പന്തിൽ 28 റൺസ് നേടിയ കെഎൽ രാഹുലിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. രാഹുല്‍ പുറത്തായ ശേഷം കരുതലോടെ ബാറ്റ് വീശി സ്റ്റോയിനിസ് ഹൂഡ സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

40 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് പോകുകയായിരുന്നു ഈ സഖ്യത്തെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് തകര്‍ത്ത്. 18 റൺസ് നേടിയ ഹൂഡയുടെ വിക്കറ്റ് ഹാര്‍ദ്ദിക് നേടുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 62 റൺസ് നേടി പുറത്താകുമ്പോള്‍ ലക്നൗ 115/4 എന്ന നിലയിലായിരുന്നു. നബിയ്ക്കായിരുന്നു വിക്കറ്റ്.

ആഷ്ടൺ ടര്‍ണറെ പുറത്താക്കി ജെറാള്‍ഡ് കോയെറ്റ്സേ മുംബൈയ്ക്ക് അഞ്ചാം വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍ ആയുഷ് ബദോനിയ്ക്ക് ലെഗ് ബൈ ഫോറും ഒരു ടോപ് എഡ്ജ് ഫോറും നേടാനായത് ലക്നൗവിന് ആശ്വാസമായി. ഓവറിൽ നിന്ന് 9 റൺസ് വന്നപ്പോള്‍ അവസാന രണ്ടോവറിൽ 13 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്.

19ാം ഓവറിലെ ആദ്യ പന്തിൽ ആയുഷ് ബദോനി റണ്ണൗട്ട് ആയതോടെ മത്സരം ആവേശകരമായി മാറി. എന്നാൽ ഓവറിൽ ബൗണ്ടറി നേടി പൂരന്‍ ലക്ഷ്യം അവസാന ഓവറിൽ മൂന്ന് റൺസാക്കി മാറ്റി. അവശേഷിക്കുന്ന മൂന്ന് റൺസ് അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ തന്നെ നേടി ലക്നൗവിന്റെ 4 വിക്കറ്റ് വിജയം പൂരന്‍ സാധ്യമാക്കുകയായിരുന്നു.

വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ലക്നൗ ഉയര്‍ന്നു. പരാജയത്തോടെ മുംബൈ 9ാം സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.

Exit mobile version