ആദ്യമായി ഐപിഎല്‍ ദൂരദര്‍ശനിലും, എന്നാല്‍ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല

ആദ്യമായി ഐപിഎല്‍ ദൂരദര്‍ശനിലും. ഈ വാര്‍ത്ത രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. കേബിള്‍ ടിവി കടന്ന് ചെന്നിട്ടില്ലാത്തിടങ്ങളിലും ഐപിഎല്‍ ആവേശം എത്തുമല്ലോയെന്നതോര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. എന്നാല്‍ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല എന്നതാണ് സത്യാവസ്ഥ. ഐപിഎല്‍ മത്സരങ്ങള്‍ ദൂരദര്‍ശനിലും സംപ്രേക്ഷണം ചെയ്യാനുള്ള കരാര്‍ സ്റ്റാറും ദൂരദര്‍ശനും തമ്മില്‍ ഒപ്പുവെച്ചുവെങ്കിലും കരാറിലെ പൂര്‍ണ്ണ ചട്ടങ്ങള്‍ ഇപ്രകാരമാണ്.

ആഴ്ചയില്‍ ഒരു മത്സരം മാത്രമാകും ദൂരദര്‍ശനില്‍ ഇപ്രകാരം സംപ്രേക്ഷണം ചെയ്യുക. അതും ഒരു മണിക്കൂര്‍ വൈകി. ഈ മത്സരം ഏതാണെന്നുള്ളത് ദൂരദര്‍ശനും സ്റ്റാറും ചേര്‍ന്ന് പിന്നീട് തീരുമാനിക്കും. മത്സരങ്ങള്‍ തത്സമയം കാണാനാകില്ല എന്നത് ഒഴിവാക്കിയാലും എല്ലാ മത്സരങ്ങളും കാണുവാനാകില്ല എന്നത് ദൂരദര്‍ശന്‍ മാത്രമുള്ള വ്യക്തികള്‍ക്ക് തിരിച്ചടി തന്നെയാണ്. ദൂരദര്‍ശന് ഇത് വഴി ലഭിക്കുന്ന വരുമാനത്തില്‍ 50 ശതമാനം സ്റ്റാറുമായി പങ്കുവയ്ക്കണമെന്നും കരാറില്‍ പറയുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial