ഏകദിനത്തിനു പിന്നാലെ ടി20യിലും വൈറ്റ് വാഷ് ചെയ്യപ്പെട്ട് ശ്രീലങ്ക

Sports Correspondent

ശ്രീലങ്കയുടെ ദുരന്തമായി തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു അവസാനം. ഏകദിനത്തിലും ടി20യിലും ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ലങ്കയുടെ മടക്കം. ഇന്ന് നടന്ന മൂന്നാം ടി20യില്‍ 198/2 എന്ന കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 42 പന്തില്‍ 77 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡ്വെയിന്‍ പ്രിട്ടോറിയസും 66 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിനുമൊപ്പം 34 റണ്‍സ് നേടി ജീന്‍-പോള്‍ ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.4 ഓവറില്‍ 137 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇടയ്ക്ക് മഴ മൂലം ശ്രീലങ്കയുടെ ഇന്നിംഗ്സ് 17 ഓവറായി ചുരുക്കി ലക്ഷ്യം പുതുക്കി നിശ്ചയിച്ചുവെങ്കിലും 45 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാനായുള്ളു. 38 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും 36 റണ്‍സ് നേടിയ ഇസ്രു ഉഡാനയുമാണ് ലങ്കയുടെ പോരാളികള്‍.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലേ ഫെഹ്ലുക്വായോ നാലും ജൂനിയര്‍ ഡാല, ലുഥോ സിംപാംല എന്നിവര്‍ രണ്ട വീതം വിക്കറ്റും നേടി. ഡ്വെയിന്‍ പ്രിട്ടോറിയസ് കളിയിലെ താരവും റീസ ഹെന്‍ഡ്രിക്സ് പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.