ചെന്നൈയോ ഹൈദ്രാബാദോ, ഇന്നറിയാം കുട്ടിക്രിക്കറ്റിലെ രാജാക്കന്മാര്‍ ആരെന്ന്

ഐപിഎല്‍ 2018ലെ കലാശപ്പോരാട്ടം ഇന്ന്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. 59 മത്സരങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ചെന്നൈ സൂപ്പര്‍ കിംഗ്സ്-സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പോരാട്ടം. ചെന്നൈ സൂപ്പർ കിങ്സിന് ഇത് അവരുടെ ഏഴാമത്തെ ഫൈനൽ ആണ്. സൺറൈസേഴ്‌സ് ആവട്ടെ ഫൈനലിൽ എത്തുന്നത് രണ്ടാമത്തെ തവണ മാത്രമാണ്. സീസണിൽ ഇതുവരെ ഇരുവരും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെയായിരുന്നു. അത് കൊണ്ട് തന്നെ ചെന്നൈക്ക് മത്സരത്തിൽ നേരിയ മുൻതൂക്കമുണ്ട്.

മുൻപ് 9 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ചെന്നൈയുടെ ആധിപത്യം ആയിരുന്നു. 7 തവണയും ചെന്നൈ ആണ് വിജയക്കൊടി പാറിച്ചത്. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചാണ് ഇരുവരും പ്ലേ ഓഫ് ഉറപ്പിച്ചത്. ആദ്യ ക്വാളിഫയറില്‍ വിജയത്തിനരികെ നിന്നാണ് സണ്‍റൈസേഴ്സ് മത്സരം കൈവിട്ടത്. ഫാഫ് ഡു പ്ലെസിയുടെ മാജിക്കിനു മുന്നില്‍ സണ്‍റൈസേഴ്സിന്റെ പെരുമയുള്ള ബൗളിംഗ് പട പതറുകയായിരുന്നു. 17 ഓവറുകളോളം മത്സരത്തില്‍ മൂന്‍തൂക്കം നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് പടയ്ക്ക് അവസാന മൂന്നോവറില്‍ പിഴച്ചപ്പോള്‍ വീണ്ടുമൊരു ഐപിഎല്‍ ഫൈനലിലേക്ക് ചെന്നൈ കടന്നു. രണ്ടാം ക്വാളിഫയറില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആധികാരിക ജയം തേടിയാണ് സണ്‍റൈസേഴ്സ് ഫൈനലിനൊരുങ്ങുന്നത്. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞ ശേഷം വീണ്ടും വിജയ വഴിയിലേക്ക് സണ്‍റൈസേഴ്സ് തിരികെ എത്തുകയായിരുന്നു.

ഫൈനലില്‍ എത്തുന്നത് ശീലമാക്കിയിട്ടുണ്ടെങ്കിലും വിജയം ഉറപ്പിക്കുവാന്‍ ചെന്നൈയ്ക്ക് പലപ്പോഴും സാധ്യമായിട്ടില്ല. മുമ്പ് ആറ് തവണ ഫൈനലില്‍ എത്തിയെങ്കിലും രണ്ട് തവണ മാത്രമാണ് ചെന്നൈ വിജയം നേടിയിട്ടുള്ളത്. 2010, 2011 സീസണുകളില്‍ തുടര്‍ച്ചയായി കിരീടം നേടുവാനായി എന്നതൊഴിച്ചാല്‍ ഫൈനലില്‍ കലമിട്ടുടയ്ക്കുക എന്നത് ചെന്നൈയുടെ ശീലമാണ്.

മൂന്ന് മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിനു ഇറങ്ങിയത്. അതില്‍ ഖലീല്‍ അഹമ്മദിനു പകരം സന്ദീപ് ശര്‍മ്മ തിരികെ ടീമിലെത്തുവാന്‍ സാധ്യതയുണ്ട്. കാര്‍ലോസ് ബ്രാത്‍വൈറ്റിനു ഒരു മത്സരം കൂടി ലഭിക്കുവാനുള്ള സാധ്യതയുണ്ട്. വൃദ്ധിമന്‍ സാഹ തന്നെയാവും ഇന്നത്തെ മത്സരത്തില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക. മോശം ഫോമില്‍ തുടരുന്ന മനീഷ് പാണ്ഡേയെ ഫൈനലില്‍ പരീക്ഷിക്കുവാന്‍ സണ്‍റൈസേഴ്സ് മുതിരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

കെയിന്‍ വില്യംസണിന്റെ ബാറ്റിംഗ് മികവിനെ ആശ്രയിച്ചാവും സണ്‍റൈസേഴ്സിന്റെ സ്കോറിംഗ് പാടവം. നിലവില്‍ ഓറഞ്ച് ക്യാപ്പിനു ഉടമയാണ് കെയിന്‍ വില്യംസണ്‍ ചെന്നൈ നിരയില്‍ 586 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവാണ് ബാറ്റിംഗ് നിരയിലെ താരം. ബൗളിംഗില്‍ നേരിയ മുന്‍തൂക്കം സണ്‍റൈസേഴ്സിനാണ്. റഷീദ് ഖാന്‍ മികച്ച ഫോമില്‍ കളിക്കുന്നു എന്നതും ടീമിനു ഗുണമാകും. ചെറിയ സ്കോറിനു പുറത്തായാലും അത് ഡിഫെന്‍ഡ് ചെയ്യാന്‍ തങ്ങള്‍ക്കാവുമെന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മുമ്പും ഈ സീസണില്‍ തെളിയിച്ചിട്ടുണ്ട്. അതേ സമയം ചെന്നൈയുടെ കരുത്ത് തങ്ങളുടെ ബാറ്റിംഗ് നിര തന്നെയാണ്. പലപ്പോഴും അപ്രതീക്ഷിത അവസാന ഓവര്‍ ജയങ്ങള്‍ സ്വന്തമാക്കുവാന്‍ ടീമിനു സാധിച്ചിട്ടുണ്ട്. അമ്പാട്ടി റായിഡു കഴിഞ്ഞാല്‍ ബാറ്റിംഗില്‍ എംഎസ് ധോണി തിളങ്ങിയ ഒരു ടൂര്‍ണ്ണമെന്റ് കൂടിയാണിത്.

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎലിലേക്ക് തിരികെ വരുന്ന ചെന്നൈയ്ക്ക് ഈ കിരീടം ഇരട്ടി മധുരമാകും. ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഡേവിഡ് വാര്‍ണറെ നഷ്ടമായ ഹൈദ്രാബാദിനു തങ്ങളുടെ രണ്ടാം ഫൈനലില്‍ രണ്ടാം കിരീടം നേടുവാനായാല്‍ അതവര്‍ തീര്‍ച്ചയായും സമര്‍പ്പിക്കുക ഡേവിഡ് വാര്‍ണര്‍ക്ക് തന്നെയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial