ഐപിഎലിലെ ബെറ്റിംഗും മറ്റ് അഴിമതി വിവാദങ്ങളും നിരീക്ഷിക്കുവാന്‍ സ്പോര്‍ട്റഡാറിനെ സമീപിച്ച് ബിസിസിഐ

സ്പോര്‍ട്സ് ഇന്റഗ്രിറ്റി സൊല്യൂഷന്‍‍സും ഡാറ്റ ഉല്പന്നങ്ങളിലും പ്രാവീണ്യമുള്ള സ്പോര്‍ട്റഡാറുമായി കരാറിലെത്തി ബിസിസിഐ. ഐപിഎലിലെ മാച്ച് ഫിക്സിംഗും കോഴയും മറ്റു കറപ്ഷന്‍ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇവരുമായി കരാറിലെത്തിയിരിക്കുന്നത്. ബിസിസിഐയുടെ ആന്റി-കറപ്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് സ്പോര്‍ട്റഡാറിന്റെ ദൗത്യം.

സീസണിലെ 54 മത്സരങ്ങളും നിരീക്ഷിച്ച് എന്തെങ്കിലും ബെറ്റിംഗ് സാധ്യത കണ്ടെത്തുക എന്നതിന് ബിസിസിഐയെ സ്പോര്‍ട്റഡാര്‍ സഹായിക്കുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ ഗോവ പ്രൊഫഷണല്‍ ലീഗില്‍ ഇത്തരത്തില്‍ ആറ് മത്സരങ്ങള്‍ സംശയത്തിലുള്ളതാണെന്നും സ്പോര്‍ട്റഡാര്‍ കണ്ടെത്തിയിരുന്നു.

എന്‍ബിഎ, ഫിഫ, യുവേഫ പോലുള്ള സ്പോര്‍ട്സ് സംഘടനകളുമായി പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാപനമാണ് സ്പോര്‍ട്റഡാര്‍.