നായകന്റെ മികവിൽ പുണെക്ക് ഉജ്വല ജയം

പുണെ : ഐ പി എൽ പത്താം എഡിഷനിലെ രണ്ടാം മത്സരത്തിൽ റൈസിംഗ് പുണെ ജൈന്റിന്‌ 7 വിക്കറ്റിന്റെ ഉജ്വല വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ വിജയ ലക്ഷ്യമായ 185 റൺസ് പുണെ 19.5 ഓവറുകളിൽ മറികടന്നു. നായകൻ സ്റ്റീവ് സ്മിത്ത്(84*) ന്റെ ഉജ്വല ഇന്നിംഗ്സ് ആണ് പുണെ വിജയത്തിന് കരുത്തു പകർന്നത്. അവസാന ഓവറിൽ സമ്മർദ്ദത്തിൽ ആയ പുനെക്കുവേണ്ടി പൊള്ളാർഡിനെ തുടരെ രണ്ടു സിക്സറുകൾക്കു പറത്തി സ്മിത്ത് ജയം ഉറപ്പിക്കുകയായിരുന്നു . സ്മിത്ത് തന്നെ ആണ് മാണ് ഓഫ് ദി മാച്ച്.

 
മഹാരാഷ്ട്ര ഡെർബിയിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 8 വിക്കറ്റ് നഷ്ടത്തിൽ ആണ് 184 റൺസ് നേടിയത്.ടോസ് നേടിയ പുണെ നായകൻ സ്റ്റീവ് സ്മിത്ത് എതിരാളികളെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഓപ്പണർ ജോസ് ബട്ലർ(38), നിതീഷ് റാണ(34), കീറാൻ പൊള്ളാർഡ് (27), ഹാർദിക് പാണ്ട്യ(35)എന്നിവരാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. മൂന്ന് വിക്കറ്റ് നേടിയ ഇമ്രാൻ താഹിർ ആണ് പുണെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. രജത് ഭട്ടിയ 2 വിക്കറ്റ് നേടി. ബെൻ സ്റ്റോക്സ്,ആദം സാമ്പ എന്നിവർ ഓരോ വിക്കറ്റ് നേടി.

 

ആദ്യ നാല് ഓവറുകളിൽ 41 റൺസ് അടിച്ചു കൂട്ടിയ മുംബൈ ഓപ്പണർമാർ ഉജ്വല തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ ഓപ്പണർ പാർഥിവ് പട്ടേലിനെ(14) മടക്കിയ ഇമ്രാൻ താഹിർ ആണ് മുബൈക്കു ആദ്യ പ്രഹരമേല്പിച്ചത്. തന്റെ അടുത്ത ഓവറിൽ മുംബൈ നായകൻ രോഹിത് ശര്മയേയും ആക്രമിച്ചു കളിച്ച ജോസ് ബട്ലരെയും മടക്കിയ താഹിർ മുംബൈ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. നിതീഷ് റാണ, പൊള്ളാർഡ് എന്നിവർ പിന്നീട് സ്കോറിങ്‌ ദൗത്യം ഏറ്റെടുത്തെങ്കിലും നിർണായക സമയത്തു വിക്കറ്റുകൾ വീഴ്ത്തി പുണെ മത്സരത്തിൽ പിടി മുറുക്കി.

അവസാന ഓവറിൽ ആഞ്ഞടിച്ച ഹർദിക് പാണ്ട്യ ആണ് മുംബൈ സ്കോർ 183ൽ എത്തിച്ചത്. അശോക് ദിണ്ട എറിഞ്ഞ അവസാന ഓവറിൽ 4 സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയ പാണ്ട്യ മുംബൈക്ക് നിർണായക മുൻതൂക്കം നൽകുകയായിരുന്നു.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പുണെ ഓപ്പണർമാർ ആക്രമിച്ചു ആണ് തുടങ്ങിയത്. മായങ്ക അഗർവാൾ പെട്ടന്ന് മടങ്ങിയെങ്കിലും അജിൻക്യ രഹാനെ ഉജ്വല ഫോമിലായിരുന്നു. മൂന്നാമൻ ആയി എത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ട് പിടിച്ചു രഹാനെ അതിവേഗം സ്കോർ ഉയർത്തി. സ്കോർ 93ൽ എതിയപ്പോളാണ് രഹാനെ മടങ്ങിയത്.

അത് വരെ മെല്ലെകളിച്ച സ്മിത്ത് പിന്നീടു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബെൻ സ്റ്റോക്സ്(23)നു ഒപ്പം 50 റൺസ് അതിവേഗം കൂട്ടിച്ചേർത്തു സ്മിത്ത് പുണെയെ ലക്ഷ്യത്തിലേക്കു അടുപ്പിച്ചു. അഞ്ചാമനായി ഇറങ്ങിയ ധോണിക്കൊപ്പം പുണെയെ സ്മിത്ത് അനായാസം ജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും ജസ്പ്രീത് ബുമ്ര എറിഞ്ഞ 19ആം ഓവർ ആണ് പുനെയുടെ ജയം കടുപ്പത്തിലാക്കിയത്.

ബുമ്ര 7 റൺസ് മാത്രം വഴങ്ങിയപ്പോൾ അവസാന ഓവറിൽ 13 റൺസ് എന്നതായിരുന്നു പുനെയുടെ ലക്‌ഷ്യം. ആദ്യ മൂന്ന് സിംഗിൾ മാത്രം നേടാൻ ആയതോടെ പുണെ കടുത്ത സമ്മർദ്ദത്തിൽ ആയി. എങ്കിലും മനഃസാന്നിധ്യം നഷ്ടപ്പെടുത്താതെ കളിച്ച സ്മിത്ത് പുനെയെ ജയത്തിൽ എത്തിക്കുകയായിരുന്നു