ഏറ്റവും തൃപ്തി തോന്നിയത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ്, കാരണം വ്യക്തമാക്കി രവി ബിഷ്ണോയി

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യമാണ് പഞ്ചാബ് കിംഗ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇതിൽ തന്നെ ഒരേ ഓവറിൽ രോഹിത് ശര്‍മ്മയെയും സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ രവി ബിഷ്ണോയിയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നായിരുന്നു.

തനിക്ക് കൂടുതൽ സംതൃപ്തി ലഭിച്ചത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ലഭിച്ചപ്പോളാണെന്നും അതിന് കാരണം സൂര്യകുമാര്‍ പന്ത് പൂര്‍ണ്ണമായും മിസ്സായി ക്ലീന്‍ ബൗള്‍ഡ് ആയതാണെന്നും ബിഷ്ണോയി വ്യക്തമാക്കി.

തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 25 റൺസ് വിട്ട് നല്‍കിയാണ് ഈ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണെന്നും രവി സൂചിപ്പിച്ചു.