ഇഴഞ്ഞ് നീങ്ങിയ മുംബൈയുടെ രക്ഷയ്ക്കെത്തി തിലക് – സൂര്യകുമാര്‍ കൂട്ടുകെട്ട്, അവസാന ഓവറിൽ സിക്സര്‍ മഴയുമായി പൊള്ളാര്‍ഡ്

Suryakumartilakvarma

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിംഗിൽ കഷ്ടപ്പെടുകയായിരുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി നാലാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടകെട്ടിന്റെ മിന്നും പ്രകടനം. ഒപ്പം അവസാന ഓവറിൽ പൊള്ളാര്‍ഡ് കൂടിയെത്തിയപ്പോള്‍ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്.

ഇരുവരും ചേര്‍ന്ന് മുംബൈയ്ക്ക് വേണ്ടി 83 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 11 ഓവറിൽ 55/3 എന്ന നിലയിലായിരുന്നു മുംബൈ. 19 പന്തിൽ 29 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസായിരുന്നു ഈ 55 റൺസിൽ പകുതിയിലധികം നേടിയത്.

ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വര്‍മ്മയ്ക്ക് ജീവന്‍ ദാനം നല്‍കിയത് കൊല്‍ക്കത്തയ്ക്ക് വിനയാകുകയായിരുന്നു. വ്യക്തിഗത സ്കോര്‍ മൂന്നിൽ വെച്ച് ഉമേഷ് യാദവിന്റെ പന്തിൽ തിലക് വര്‍മ്മയുടെ ക്യാച്ച് അജിങ്ക്യ രഹാനെ കൈവിട്ടതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.

34 പന്തിൽ നിന്ന് സൂര്യകുമാര്‍ യാദവ് തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷിച്ചു. അവസാന ഓവറിൽ താരം പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 52 റൺസാണ് നേടിയത്.

യാദവ് പുറത്തായ ശേഷം ക്രീസിലെത്തിയ ബിഗ് ഹിറ്റര്‍ കീറൺ പൊള്ളാര്‍ഡ് കഴിഞ്ഞ മത്സരത്തിൽ തനിക്ക് സാധിക്കാതെ പോയ കൂറ്റനടികള്‍ അവസാന ഓവറിൽ പുറത്തെടുത്തപ്പോള്‍ ഓവറിൽ നിന്ന് പൊള്ളാര്‍ഡിന്റെ മൂന്ന് സിക്സ് അടക്കം 23 റൺസാണ് മുംബൈയ്ക്ക് ലഭിച്ചത്.

തിലക് 38 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പൊള്ളാര്‍ഡ് വെറും 5 പന്തിൽ 22 റൺസാണ് നേടിയത്.