ഐപിഎല്‍ കളിയ്ക്കുവാന്‍ അനുമതി ലഭിച്ച് ഷാക്കിബ് അല്‍ ഹസന്‍

പരിക്ക് മൂലം ന്യൂസിലാണ്ട് പരമ്പര നഷ്ടമായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനു ഐപിഎല്‍ കളിക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഐപിഎല്‍ കളിക്കുവാന്‍ മെഡിക്കല്‍ ക്ലിയറന്‍സ് വേണമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ന്യൂസിലാണ്ടിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ രണ്ടും താരത്തിനു നഷ്ടമായിരുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്. താരത്തിനു സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ ചേരുവാനുള്ള അനുമതി നല്‍കുവാന്‍ തടസ്സമില്ലെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തുകയായിരുന്നു. താരം വീണ്ടും ബാറ്റിംഗ് പുനരാരംഭിച്ചുവെന്നും ഐപിഎലിനിടെ താരത്തിനു പരിക്കുണ്ടാകില്ലെന്നും അക്രം ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷാക്കിബിന്റെ വര്‍ക്ക് ലോഡ് കൃത്യമായി താരം തന്നെ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് മാനേജ് ചെയ്യേണ്ടതുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.