പഞ്ചാബിനെ വീഴ്ത്തി ബുംറ, കെഎല്‍ രാഹുലിന്റേതുള്‍പ്പെടെ നേടിയത് മൂന്ന് വിക്കറ്റ്

കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തെ മറികടക്കുന്ന ബൗളിംഗ് പ്രകടനവുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം മുംബൈയ്ക്ക്. കെഎല്‍ രാഹുല്‍ നേടിയ 95 റണ്‍സാണ് മത്സരത്തില്‍ പഞ്ചാബിന്റെ പ്രതീക്ഷയായി മാറിയത്. ക്രിസ് ഗെയില്‍ പുറത്താകുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 34 റണ്‍സായിരുന്നു. ആരോണ്‍ ഫിഞ്ചുമായി ചേര്‍ന്ന് 111 റണ്‍സ് കൂട്ടുകെട്ട് നേടി പഞ്ചാബ് കുതിയ്ക്കുന്നതിനിടയിലാണ് ജസ്പ്രീത് ബുംറയുടെ ഇരട്ട പ്രഹരങ്ങള്‍ മത്സരം കൂടുതല്‍ ആവേശകരമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 186 റണ്‍സിനെ അനായാസം കിംഗ്സ് ഇലവന്‍ പഞ്ചാബ് മറികടക്കുമെന്ന പ്രതീതി ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവര്‍ മുംബൈയുടെ തിരിച്ചുവരവിനു വഴിയൊരുക്കുകയായിരുന്നു. ഓവറിന്റെ ആദ്യ പന്തില്‍ 46 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെയും അഞ്ചാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി മത്സരത്തിലേക്ക് മുംബൈയെ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരികയായിരുന്നു.

അവസാന മൂന്നോവറില്‍ 38 റണ്‍സ് ലക്ഷ്യം നേടേണ്ടിയിരുന്ന പഞ്ചാബിനു വേണ്ടി അതുവരെ മികച്ച രീതിയില്‍ ബാറ്റ് വീശിയ കെഎല്‍ രാഹുല്‍ തുടര്‍ന്നും മികച്ച ഫോമില്‍ റണ്‍സ് കണ്ടെത്തി. ബെന്‍ കട്ടിംഗിനെതിരെ തുടരെ മൂന്ന് ബൗണ്ടറി നേടി രാഹുല്‍ തന്റെ വ്യക്തിഗത സ്കോര്‍ 90കളിലേക്കും പഞ്ചാബിന്റെ ലക്ഷ്യം രണ്ടോവറില്‍ 23 റണ്‍സുമാക്കി കുറച്ചു. 15 റണ്‍സാണ് ബെന്‍ കട്ടിംഗ് ഓവറില്‍ പഞ്ചാബ് നേടിയത്.

മത്സരത്തിന്റെ 19ാം ഓവറില്‍ കെഎല്‍ രാഹുലിനെ പുറത്താക്കി ബുംറ തന്റെ മൂന്നാം വിക്കറ്റും മുംബൈ ക്യാമ്പില്‍ പ്രതീക്ഷയും നല്‍കി. 60 പന്തില്‍ 94 റണ്‍സാണ് ലോകേഷ് രാഹുല്‍ നേടിയത്. 3 സിക്സും 10 ബൗണ്ടറിയുമാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്. ആറ് റണ്‍സ് മാത്രമാണ് ബുംറ ആ ഓവറില്‍ നല്‍കിയത്.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി ക്രീസില്‍ രണ്ട ഇംട കൈയ്യന്‍ ബാറ്റ്സ്മാന്മാര്‍ അക്സര്‍ പട്ടേലും യുവരാജ് സിംഗും. മിച്ചല്‍ മക്ലെനാഗനെയാണ് മുംബൈ അവസാന ഓവര്‍ ദൗത്യം ഏല്പിച്ചത്. 13 റണ്‍സ് ഓവറില്‍ പഞ്ചാബിനു നേടാനായപ്പോള്‍ 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തിലെ മൂന്ന് റണ്‍സ് ജയത്തോടെ അടുത്ത മത്സരത്തില്‍ വിജയം നേടാനായാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം.

ബുംറ തന്റെ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് നേടിയത്. പഞ്ചാബിന്റെ സെറ്റ് ബാറ്റ്സ്മാന്മാരായ ആരോണ്‍ ഫിഞ്ച്, കെഎല്‍ രാഹുല്‍ എന്നിവരെ മടക്കിയയക്കുക വഴി മുംബൈയെ വിജയത്തിലേക്ക് നയിച്ചത് ബുംറയാണ്. മിച്ചല്‍ മക്ലെനാഗന്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial