പുതിയ പാളയത്തില്‍ മികവ് പുലര്‍ത്തി സര്‍ഫ്രാസ് ഖാന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയ സര്‍ഫ്രാസ് ഖാനു ടീമിനായി അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പന്ത്രണ്ടാം സീസണിനു മുന്നോടിയായി താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്യുകയും ചെയ്തു. 2018 ഐപിഎലിനു മുമ്പ് വിരാട് കോഹ്‍ലിയ്ക്കും എബി ഡി വില്ലിയേഴ്സിനുമൊപ്പം നിലനിര്‍ത്തപ്പെട്ട താരമായിരുന്നു സര്‍ഫ്രാസ് ഖാന്‍. അത് ടീമിന്റെ കൈവശം ലേലത്തിനായി പണം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയായി വിലയിരുത്താമെങ്കിലും ആ സീസണില്‍ താരത്തിനു കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. ഒടുവില്‍ ടീമിലെ സ്ഥാനം തന്നെ താരത്തിനു നഷ്ടമായി.

പുതിയ സീസണ്‍ പുതിയ പാളയത്തില്‍ ആരംഭിച്ച സര്‍ഫ്രാസ് എന്നാല്‍ പഞ്ചാബിനു വേണ്ടിയുള്ള അരങ്ങേറ്റം മികച്ചതാക്കി. ഗെയിലിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത താരം പഞ്ചാബിനു വേണ്ടി 29 പന്തില്‍ 46 റണ്‍സ് നേടുകയായിരുന്നു. ക്രിസ് ഗെയിലിന്റെ 79 റണ്‍സിന്റെ മികവില്‍ പഞ്ചാബ് രാജസ്ഥാനെതിരെ 184 റണ്‍സാണ് നേടിയത്. ഇന്ന് നേടിയ സ്കോര്‍ ഐപിഎലില്‍ സര്‍ഫ്രാസിന്റെ ഏറ്റവും വലിയ സ്കോര്‍ കൂടിയാണ്.

Exit mobile version