സഞ്ജുവും സംഘവും ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ

ഐ പി എല്ലിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഐ പി എല്ലിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് അവരുടെ സീസണിലെ ആദ്യ വിജയം ആകും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ഡെൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് മുംബൈ ഇന്ത്യൻസിന് ഒപ്പം സൂര്യ കുമാർ യാദവ് ഉണ്ടാകും. ആദ്യ മത്സരം സൂര്യ കുമാറിന് നഷ്ടമായിരുന്നു. ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇഷൻ കിഷാനും പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് മുംബൈ അറിയിച്ചിട്ടുണ്ട്.

രാജസ്ഥാൻ റോയൽ ആദ്യ മത്സരത്തിൽ ഹൈദരബാദിന് എതിരെ വൻ വിജയം നേടിയിരുന്നു‌. അന്ന് ഹീറോ ആയത് സഞ്ജു സാംസൺ ആയിരുന്നു‌. ഇന്നു സഞ്ജുവിൽ ഏവരും പ്രതീക്ഷ വെക്കുന്നു. മുംബൈ ഇന്ത്യൻസിനെതിരെ എന്നും നല്ല പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് ആകാറുണ്ട്. മലയാളി താരം ദേവ്ദത്ത് പടിക്കലും രാജസ്ഥാനായി ആദ്യ മത്സരത്തിൽ തിളങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.