Samad

അവസാന ഓവറുകളിൽ കത്തിക്കയറി സമദ്, 171 റൺസിലെത്തി ലക്നൗ

ഒരു ഘട്ടത്തിൽ 150 റൺസ് കടക്കില്ലെന്ന് കരുതിയ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 171 റൺസിലേക്ക് എത്തിച്ച് അബ്ദുള്‍ സമദിന്റെ  വെടിക്കെട്ട് ബാറ്റിംഗ്. താരത്തിനൊപ്പം ആയുഷ് ബദോനിയും നിക്കോളസ് പൂരനും പ്രധാന സ്കോറര്‍മാരായപ്പോള്‍ ലക്നൗ 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മിച്ചൽ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം – നിക്കോളസ് പൂരന്‍ കൂട്ടുകെട്ട് ലക്നൗവിനെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. 18 പന്തിൽ 28 റൺസ് നേടിയ മാര്‍ക്രത്തിനെ ലോക്കി ഫെര്‍ഗൂസൺ പുറത്താക്കുമ്പോള്‍ ലക്നൗവിന്റെ സ്കോര്‍ ബോര്‍ഡിൽ 32 റൺസായിരുന്നു. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്ത് 2 റൺസ് നേടി പുറത്തായതോടെ 35/3 എന്ന നിലയിലേക്ക് ലക്നൗ വീണു.

അവിടെ നിന്ന് നിക്കോളസ് പൂരന്‍ – ആയുഷ് ബദോനി കൂട്ടുകെട്ട് 54 റൺസുമായി ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും 30 പന്തിൽ 44 റൺസ് നേടിയ പൂരനെ യൂസുവേന്ദ്ര ചഹാല്‍ പുറത്താക്കി. 89/4 എന്ന നിലയിൽ നിന്ന് ബദോനി – മില്ലര്‍ കൂട്ടുകെട്ട് 30 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 19 റൺസ് നേടിയ മില്ലറെ ലക്നൗവിന് അടുത്തതായി നഷ്ടമായി.

ആയുഷ് ബദോനിയ്ക്ക് കൂട്ടായി എത്തിയ അബ്ദുള്‍ സമദ് തീക്കാറ്റായി മാറിയപ്പോള്‍ 47 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. 33 പന്തിൽ 41 റൺസ് നേടിയ ആയുഷ് ബദോനിയെ അര്‍ഷ്ദീപ് പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത പന്തിൽ സമദിനെയും അര്‍ഷ്ദീപ് പുറത്താക്കി. സമദ് 12 പന്തിൽ 27 റൺസ് നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 171 റൺസ് നേടി.

പഞ്ചാബിനായി അര്‍ഷ്ദീപ് 4 ഓവറിൽ 43 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടി.

Exit mobile version