Samcurran

രാജസ്ഥാന് നാലാം തോൽവി സമ്മാനിച്ച് സാം കറന്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ തോൽവിയുടെ പരമ്പര തുടരുന്നു. ഇന്ന് പഞ്ചാബ് കിംഗ്സിനോട് ടീം പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഐപിഎലില്‍ തുടര്‍ച്ചയായ നാലാം തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. 41 പന്തിൽ 63 റൺസ് നേടിയ സാം കറന്‍ ആണ് 145 റൺസ് വിജയ ലക്ഷ്യത്തിലേക്ക് നയിച്ചത്. 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബിന്റെ വിജയം.

ഒരേ ഓവറിൽ റൈലി റോസ്സോവിനെയും ശശാങ്ക് സിംഗിനെയും പുറത്താക്കി അവേശ് ഖാന്‍ പഞ്ചാബ് കിംഗ്സിനെ പ്രതിരോധത്തിലാക്കി. റോസ്സോവ് 13 പന്തിൽ 22 റൺസാണ് നേടിയത്. 48/4 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ അഞ്ചാം വിക്കറ്റിൽ 63 റൺസുമായി സാം കറന്‍ – ജിതേഷ് ശര്‍മ്മ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

22 റൺസ് നേടിയ ജിതേഷിനെ ചഹാല്‍ ആണ് പുറത്താക്കിയത്. നേരത്തെ ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റും ചഹാലിനായിരുന്നു. അവസാന മൂന്നോവറിൽ 25 റൺസാണ് പഞ്ചാബ് കിംഗ്സ് നേടേണ്ടിയിരുന്നത്. 38 പന്തിൽ സാം കറന്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പഞ്ചാബ് തങ്ങളുടെ വിജയപ്രതീക്ഷ നിലനിര്‍ത്തി.

അതേ ഓവറിൽ സാം കറന്‍ അവസാന പന്തിൽ സിക്സര്‍ നേടി രണ്ടോവറിലെ വിജയ ലക്ഷ്യം 15 റൺസാക്കി മാറ്റി. 34 റൺസ് നേടി സാം കറന്‍ – അശുതോഷ് ശര്‍മ്മ കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കറന്‍ 63 റൺസും അശുതോഷ് ശര്‍മ്മ 17 റൺസും നേടി പുറത്താകാതെ നിന്ന് വിജയത്തിലേക്ക് നയിച്ചു.

Exit mobile version