Philsalt

സാള്‍ട്ടിന്റെ അസോള്‍ട്ട്, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് വിജയം

ഫിൽ സാള്‍ട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ഡൽഹിയ്ക്കെതിരെ 16.3 ഓവറിൽ വിജയം കരസ്ഥമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 154 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തയെ ഫില്‍ സാള്‍ട്ട് ഒറ്റയ്ക്ക് പവര്‍പ്ലേയിൽ തന്നെ ബഹുദൂരം മുന്നിലെത്തിയ്ക്കുകയായിരുന്നു. പിന്നീട് അക്സര്‍ പട്ടേലിലൂടെ ഡൽഹി മത്സരത്തിൽ തിരികെ വരുവാന്‍ ശ്രമിച്ചുവെങ്കിലും പ്രതിരോധിക്കേണ്ടത് ചെറിയ സ്കോര്‍ ആയതിനാൽ തന്നെ കാര്യമായ ചെറുത്ത്നില്പില്ലാതെ ഡൽഹി മത്സരം അടിയറവ് വയ്ക്കുകയായിരുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 79 റൺസ് കൊൽക്കത്ത നേടിയപ്പോള്‍ ഇതിൽ 60 റൺസ് ഫിലിപ്പ് സാള്‍ട്ട് ആണ് നേടിയത്. സുനിൽ നരൈന്‍ 15 റൺസും നേടി ക്രീസിൽ നിന്നു. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ തന്നെ നരൈനെ പുറത്താക്കി അക്സര്‍ ഡൽഹിയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.

അക്സര്‍ ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കി ഡൽഹിയ്ക്ക് രണ്ടാം വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍ കൊൽക്കത്ത 8.1 ഓവറിൽ 96/2 എന്ന നിലയിലായിരുന്നു. 33 പന്തിൽ 68 റൺസായിരുന്നു സാള്‍ട്ട് നേടിയത്. റിങ്കു സിംഗിനെ ലിസാദ് വില്യം പുറത്താക്കിയതോടെ കൊൽക്കത്ത 79/0 എന്ന നിലയിൽ നിന്ന് 100/3 എന്ന നിലയിലേക്ക് വീണു.

നാലാം വിക്കറ്റിൽ 57 റൺസ് നേടി ശ്രേയസ്സ് അയ്യര്‍ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസ്സ് 33 റൺസും വെങ്കിടേഷ് 26 റൺസും ആണ് നേടിയത്.

Exit mobile version