Ruturajgaikwad

റുതുരാജകീയം!!! സിക്സടിമേളവുമായി ദുബേ, ചെന്നൈയ്ക്ക് 210 റൺസ്

ഐപിഎലില്‍ ചെന്നൈയ്ക്ക് മികച്ച സ്കോര്‍. ലക്നൗവിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് ഗായക്വാഡ് ശതകം നേടിയപ്പോള്‍ ശിവം ദുബേ അവസാന ഓവറുകളിൽ തകര്‍ത്തടിച്ചാണ് ടീമിനെ 210 റൺസിലേക്ക് എത്തിച്ചത്.

ആദ്യ ഓവറിൽ തന്നെ അജിങ്ക്യ രഹാനെയെ നഷ്ടമായ ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് – ഡാരിൽ മിച്ചൽ കൂട്ടുകെട്ട് 45 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചു. 11 റൺസ് നേടിയ ഡാരിൽ മിച്ചൽ പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 റൺസാണ് ചെന്നൈ നേടിയത്.

9ാം ഓവറിൽ ചെന്നൈ നായകന്‍ തന്റെ അര്‍ദ്ധ ശതകം 28 പന്തിൽ നിന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ ചെന്നൈ 85  റൺസായിരുന്നു നേടിയത്. റുതുരാജ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ 52 റൺസാണ് താരം ജഡേജയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ നേടിയത്. 16 റൺസ് നേടിയ ജഡേജയെ മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

നാലാം വിക്കറ്റിൽ റുതുരാജിന് കൂട്ടായി ദുബേ എത്തിയപ്പോള്‍ ഇരുവശത്ത് നിന്നും റൺ ഒഴുകുകയായിരുന്നു ശിവം ദുബേ അടിച്ച് തകര്‍ത്തപ്പോള്‍ 16ാം ഓവറിൽ താരം യഷ് താക്കൂറിനെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിക്കുകയായിരുന്നു.. ഈ കൂട്ടുകെട്ട് 47 പന്തിൽ നിന്ന് 104 റൺസാണ് നേടിയത്.

56 പന്തുകളിൽ നിന്ന് റുതുരാജ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ദുബേ 27 പന്തിൽ 66 റൺസ് നേടി പുറത്തായി. ദുബേ ഏഴ് സിക്സാണ് നേടിയത്. ധോണി അവസാന പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ 60 പന്തിൽ നിന്ന് 108 ആണ് ഗായക്വാഡ് നേടിയത്.

Exit mobile version