Ruturajgaikwad

വീണ്ടും റുതുരാജ്, പക്ഷേ ശതകമില്ല!!! മിച്ചലും ദുബേയും തിളങ്ങിയപ്പോള്‍ ചെന്നൈയ്ക്ക് 212 റൺസ്

റുതുരാജ് സിംഗിന് തന്റെ തുടര്‍ച്ചയായ രണ്ടാം ഐപിഎൽ ശതകം തലനാരിഴയ്ക്ക് നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന് എതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 212/3 എന്ന സ്കോര്‍. റുതുരാജിനൊപ്പം ഡാരിൽ മിച്ചലും ശിവം ദുബേയും കളം നിറഞ്ഞ് കളിച്ചാണ് ഈ സ്കോറിലേക്ക് ചെന്നൈയെ എത്തിച്ചത്. എന്നാൽ കരുതുറ്റ ബാറ്റിംഗ് ടീമായ സൺറൈസേഴ്സിനെ പിടിച്ചുകെട്ടുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും അതിന് മുമ്പ് പല മത്സരങ്ങളിലും ടൂര്‍ണ്ണമെന്റിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടീമാണ് ഹൈദ്രാബാദ്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റൺസായിരുന്നു ഒരു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയത്. റുതുരാജ് – ഡാരിൽ മിച്ചൽ ക്രീസിലെത്തിയ ശേഷം ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചപ്പോള്‍ റുതുരാജ് 27 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിനെ സിക്സര്‍ പറത്തിയാണ് ചെന്നൈ നായകന്‍ തന്റെ ഈ നേട്ടം സ്വന്തമാക്കിയത്.

പത്തോവര്‍ പിന്നിട്ടപ്പോള്‍ 92 റൺസാണ് ചെന്നൈ നേടിയത്. ഇതിനിടെ തങ്ങളുടെ ശതക പാര്‍ട്ണര്‍ഷിപ്പ് ഇവര്‍ പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തിൽ ഡാരിൽ മിച്ചൽ 29 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. എന്നാൽ തൊട്ടടുത്ത ഓവറിൽ 32 പന്തിൽ നിന്ന് 52 റൺസ് നേടി മിച്ചൽ പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് 107 റൺസാണ് രണ്ടാം വിക്കറ്റിൽ ചെന്നൈയ്ക്കായി നേടിയത്. ഉനഡ്കട് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

മിച്ചലിന് പകരക്കാരനായി എത്തിയ ശിവം ദുബേ തന്റെ പതിവു ശൈലിയിൽ ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ചെന്നൈയെ ഇരുനൂറ് കടത്തുവാന്‍ സഹായിച്ചു. റുതുരാജ് ഗായക്വാഡ് തന്റെ തുടര്‍ച്ചയായ ഐപിഎൽ ശതകം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ താരം 98 റൺസിൽ പുറത്തായി. 54 പന്തിൽ 98 റൺസ് റുതുരാജ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 74 റൺസാണ് നേടിയത്.

ധോണി താന്‍ നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ അവസാന രണ്ട് പന്തിൽ ഒരു സിക്സര്‍ ദുബേ നേടി. ചെന്നൈ 212/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ദുബേ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version