തിളങ്ങിയത് റസ്സലും ഗില്ലും മാത്രം, കൊല്‍ക്കത്തയുടെ ബാറ്റിംഗിനും താളം കണ്ടെത്താനായില്ല

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നേടാനായത് 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രം. കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ ആന്‍ഡ്രേ റസ്സല്‍ രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടിയതിന്റെ ബലത്തില്‍ മാത്രമാണ് 154 റണ്‍സ് നേടുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചത്.

ടോപ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്‍(43) മാത്രമാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. റസ്സല്‍ 27 പന്തില്‍ 45 റണ്‍സ് നേടുകയായിരുന്നു. 4 ഫോറാണ് താരം നേടിയത്. ഇതില്‍ അവേശ് ഖാനെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ഒരു സിക്സും ഉള്‍പ്പെടുന്നു. ഓവറില്‍ നിന്ന് 13 റണ്‍സാണ് വന്നത്.

രാഹുല്‍ ത്രിപാഠിയും ഗില്ലും ക്രീസിലുള്ളപ്പോള്‍ നേടിയ 44 റണ്‍സ് കൂട്ടുകെട്ടിന് ശേഷം കൊല്‍ക്കത്ത തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 69/1 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്കും പിന്നീട് 109/6 എന്ന നിലയിലേക്കും കൊല്‍ക്കത്ത വീഴുകയായിരുന്നു.

അവിടെ നിന്ന് 45 റണ്‍സ് കൂട്ടുകെട്ട് നേടി ആന്‍ഡ്രേ റസ്സലും പാറ്റ് കമ്മിന്‍സും(11*) ആണ് കൊല്‍ക്കത്തയുടെ സ്കോറിന് മാന്യത പകര്‍ന്നത്. രാഹുല്‍ ത്രിപാഠി 19 റണ്‍സ് നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗനെയും സുനില്‍ നരൈനെയും ഒരേ ഓവറില്‍ പുറത്താക്കി ലളിത് യാദവ് ആണ് കൊല്‍ക്കത്തയുടെ സാധ്യതകള്‍ ഇല്ലാതാക്കിയത്.

അക്സര്‍ പട്ടേലും ലളിത് യാദവും രണ്ട് വീതം വിക്കറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി നേടിയത്. ലളിത് മൂന്നോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്.