Picsart 24 05 22 23 04 05 007

ബൈ ബൈ ആര്‍സിബി!!! നാല് വിക്കറ്റ് വിജയവുമായി രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിലേക്ക്

ഐപിഎലില്‍ ആര്‍സിബിയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് രാജസ്ഥാന്‍ റോയൽസ്. 173 റൺസ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 6 പന്ത് അവശേഷിക്കെ ടീം മറികടന്നപ്പോള്‍ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സുമായി പോരാട്ടത്തിന് ടീം അവസരം സൃഷ്ടിച്ചു.

പവര്‍പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടോം കോഹ്‍ലര്‍-കാഡ്മോറിനെ രാജസ്ഥാന് നഷ്ടമായി. 46 റൺസ് ഒന്നാം വിക്കറ്റിൽ ജൈസ്വാള്‍ – കാഡ്മോര്‍ കൂട്ടുകെട്ട് നേടിയപ്പോള്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 47/1 എന്ന നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം സ്വപ്നിൽ സിംഗിനെ സഞ്ജു ഒരു സിക്സിനും ജൈസ്വാള്‍ രണ്ട് ബൗണ്ടറിയ്ക്കും പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്. ഈ കൂട്ടുകെട്ട് 35 റൺസ് നേടി ടീമിനെ മുന്നോട്ട് നയിക്കുമ്പോളാണ് കാമറൺ ഗ്രീന്‍ വിക്കറ്റുമായി രംഗത്തെത്തിയത്. 30 പന്തിൽ 45 റൺസ് നേടിയ ജൈസ്വാളിനെയാണ് ഗ്രീന്‍ പുറത്താക്കിയത്.

പത്തോവര്‍ പിന്നിടുമ്പോള്‍ 85/2 എന്ന നിലയിലായിരുന്ന രാജസ്ഥാന് തൊട്ടടുത്ത പന്തിൽ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായി. കരൺ ശര്‍മ്മയെ സ്റ്റെപ് ഔട്ട് ചെയ്ത് സിക്സര്‍ പറത്തുവാന്‍ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ നായകന്‍ 13 പന്തിൽ 17 റൺസാണ് നേടിയത്.

12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടിയ രാജസ്ഥാന് അവസാന എട്ടോവറിലെ ലക്ഷ്യം 73 റൺസായിരുന്നു. വിരാട് കോഹ്‍ലി മികച്ചൊരു ഫീൽഡിംഗ് ശ്രമത്തിലൂടെ ധ്രുവ് ജുറേലിനെ റണ്ണൗട്ടാക്കിയതോടെ രാജസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. ജുറേൽ 8 റൺസ് മാത്രമാണ് നേടിയത്.

കാമറൺ ഗ്രീന്‍ ഒരു വശത്ത് കണിശതയോടെ പന്തെറിഞ്ഞ് റണ്ണൊഴുക്ക് തടഞ്ഞപ്പോള്‍ അവസാന ആറോവറിൽ 58 റൺസായിരുന്നു രാജസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്. 15 ഓവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 126/4 എന്ന നിലയിലായിരുന്നു.ഗ്രീന്‍ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ ഹെറ്റ്മ്യര്‍ ആദ്യ പന്തിൽ സിക്സര്‍ പറത്തി. റിയാന്‍ പരാഗും സിക്സും ബൗണ്ടറിയുമായി എത്തിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസാണ് വന്നത്.

17ാം ഓവറിൽ യഷ് ദയാലിനെ തുടരെ രണ്ട് ബൗണ്ടറി പായിച്ച് ഷിമ്രൺ ഹെറ്റ്മ്യറും മികവ് പുലര്‍ത്തിയപ്പോള്‍ ലക്ഷ്യം 3 ഓവറിൽ 19 റൺസെന്ന നിലയിലേക്ക് മാറി. 18ാം ഓവറിൽ റിയാന്‍ പരാഗിനെ സിറാജ് ബൗള്‍ഡാക്കിയതോടെ ആര്‍സിബി ക്യാമ്പും ആരാധകരും വീണ്ടും ആവേശത്തിലായി. 26 പന്തിൽ 36 റൺസായിരുന്നു രാജസ്ഥാന്റെ ഈ സീസണിലെ മിന്നും താരം നേടിയത്.

അതേ ഓവറിലെ അവസാന പന്തിൽ മറ്റൊരു സെറ്റ് ബാറ്റ്സ്മാനായ ഹെറ്റ്മ്യറും പുറത്തായപ്പോള്‍ രാജസ്ഥാന് 6ാം വിക്കറ്റ് നഷ്ടമായി. ലക്ഷ്യമാകട്ടേ 12 പന്തിൽ നിന്ന് 13 റൺസും. 14 പന്തിൽ നിന്ന് 26 റൺസായിരുന്നു ഹെറ്റ്മ്യര്‍ നേടിയത്. ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറി നേടി റോവ്മന്‍ പവൽ രാജസ്ഥാനെ വിജയത്തിനടുത്ത് എത്തിച്ചുവെങ്കിലും അടുത്ത മൂന്ന് പന്ത് ഡോട്ട് ബോളാക്കി മാറ്റുവാന്‍ ബൗളര്‍ക്ക് സാധിച്ചു. അവസാന പന്തിൽ സിക്സര്‍ പറത്തി റോവ്മന്‍ പവൽ രാജസ്ഥാനെ നാല് വിക്കറ്റ് വിജയത്തിലേക്കും രണ്ടാം എലിമിനേറ്ററിലേക്കും എത്തിയ്ക്കുകയായിരുന്നു. പവൽ 8 പന്തിൽ 16 റൺസാണ് നേടിയത്.

Exit mobile version