ബട്‍ലറുടെ വെടിക്കെട്ടിന് ശേഷം താളം തെറ്റി രാജസ്ഥാൻ, ഗുജറാത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി

ജോസ് ബട്‍ലറുടെ മിന്നും പ്രകടനത്തിന് ശേഷം മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ സംഭാവന ടീമിനായി നൽകാനാകാതെ പോയപ്പോള്‍ സീസണിലെ രണ്ടാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയൽസ്.

193 റൺസ് തേടിയിറങ്ങിയ രാജസ്ഥാനെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി ഗുജറാത്ത് പിടിമുറുക്കിയപ്പോള്‍ ടീം 20 ഓവറിൽ 9 വിക്കറ്റിൽ 155 റൺസ് മാത്രമേ നേടിയുള്ളു. 37 റൺസ് വിജയം ആണ് ഗുജറാത്ത് മത്സരത്തിൽ നേടിയത്.

ഒരു വശത്ത് ജോസ് ബട്‍ലര്‍ അടിച്ച് തകര്‍ത്തപ്പോള്‍ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്താകുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യഷ് ദയാലിനായിരുന്നു വിക്കറ്റ്.

വൺ ഡൗണായി അശ്വിനെ രാജസ്ഥാന്‍ പരീക്ഷിച്ചുവെങ്കിലും 8 റൺസ് മാത്രം നേടി താരം മടങ്ങുകയായിരുന്നു. 23 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട്‍ലര്‍ക്ക് എന്നാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ് നഷ്ടമായി. 54 റൺസായിരുന്നു താരം നേടിയത്.

അശ്വിനെയും ബട്‍ലറെയും ഒരേ ഓവറിൽ പുറത്താക്കി ലോക്കി ഫെര്‍ഗൂസൺ ഗുജറാത്തിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടു വരികയായിരുന്നു. 6 ഓവര്‍ പിന്നിടുമ്പോള്‍ 65/3 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 11 റൺസ് നേടിയ സഞ്ജു റണ്ണൗട്ട് ആയപ്പോള്‍ രാജസ്ഥാന്റെ നില പരുങ്ങലിലായി.

പത്തോവര്‍ പിന്നിട്ടപ്പോള്‍ 89 റൺസാണ് രാജസ്ഥാന്‍ നേടിയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ യാത്രയായപ്പോള്‍ യഷ് ദയാൽ തന്റെ രണ്ടാം വിക്കറ്റ് നേടി. ഷിമ്രൺ ഹെറ്റ്മ്യര്‍ വേഗത്തിൽ സ്കോറിംഗ് നടത്തി രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും 29 റൺസ് നേടിയ താരത്തെ ഷമി മടക്കിയയച്ചു.

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 71 റൺസായിരുന്നു രാജസ്ഥാന് നേടാനുണ്ടായിരുന്നത്. എന്നാൽ ടീമിലെ പ്രധാന താരങ്ങളെല്ലാം മടങ്ങിയതിനാൽ തന്നെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 15 ഓവര്‍ പിന്നിടുമ്പോള്‍ ഗുജറാത്തും രാജസ്ഥാനും 130 റൺസ് നേടി ഒരേ പോലെയായിരുന്നുവെങ്കിലും രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് അധികം നഷ്ടപ്പെടുത്തിയിരുന്നു. 18 റൺസ് നേടിയ പരാഗിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസൺ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്‍ 138/7 എന്ന നിലയിലേക്ക് വീണു.

മത്സരം അവസാനിക്കുമ്പോള്‍ 155 റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു. ഗുജറാത്തിന് വേണ്ടി യഷ് ദയാലും ലോക്കി ഫെര്‍ഗൂസണും 3 വീതം വിക്കറ്റ് നേടി.

 

Exit mobile version