മോയിന്‍ അലിയുടെ പവര്‍ഹിറ്റിംഗ് മികവിൽ പവര്‍പ്ലേയിൽ 75 റൺസ് നേടി ചെന്നൈ , എന്നിട്ടും ചെന്നൈയെ 150 റൺസിലൊതുക്കി രാജസ്ഥാന്റെ തിരിച്ചുവരവ്

Moeenali

മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 150 റൺസ്. ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോര്‍ ചെന്നൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷമുള്ള 14 ഓവറിൽ 75 റൺസ് മാത്രമാണ് ചെന്നൈ നേടിയത്.

93 റൺസ് നേടിയ മോയിന്‍ അലിയുടെ ബാറ്റിംഗ് മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. റുതുരാജിനെ ആദ്യ ഓവറിൽ നഷ്ടമായ ശേഷം മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സിനാണ് ബ്രാബോൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 75 റൺസാണ് ചെന്നൈ നേടിയത്. ഇതിൽ 59 റൺസും മോയിന്‍ അലിയുടെ സംഭാവനയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറിൽ 26 റൺസാണ് മോയിന്‍ അലി നേടിയത്. ഒരു സിക്സും അഞ്ച് ഫോറുമാണ് താരം ആ ഓവറിൽ നേടിയത്.

അശ്വിന്‍ കോൺവേയെയും മക്കോയ് ജഗദീഷനെയും പുറത്താക്കിയപ്പോള്‍ പത്തോവറിൽ ചെന്നൈ 94 റൺസാണ് നേടിയത്. ചഹാല്‍ റായിഡുിനെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 96/4 എന്ന നിലയിലേക്ക് വീണു.

രണ്ട് ലൈഫുകള്‍ കിട്ടിയ എംഎസ് ധോണിയുമായി ചേര്‍ന്ന് മോയിന്‍ അലി 51 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 150 റൺസാണ് ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ധോണിയെ(26) പുറത്താക്കി ചഹാല്‍ ആണ് 19ാം ഓവറിൽ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

അവസാന ഓവറിൽ മോയിന്‍ അലിയെ മക്കോയി പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് വെറും 4 റൺസാണ്.