Picsart 24 04 01 22 48 39 813

മൂന്നാം ജയവുമായി സഞ്ജുവിന്റെ രാജസ്ഥാൻ, മൂന്നും തോറ്റ് ഹാർദികിന്റെ മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ഇന്ന് മുംബൈ ഉയർത്തിയ 126 എന്ന വിജയ ലക്ഷ്യം 16ആം ഓവറിലേക്ക് വെറും 4 വിക്കറ്റ് നഷ്ടത്തിൽ പിന്തുടരാൻ രാജസ്ഥാൻ റോയൽസിനായി. തുടക്കത്തിൽ പതറിയെങ്കിലും ലക്ഷ്യത്തിൽ എത്താൻ രാജസ്ഥാനായി. റിയാൻ പരാഗിന്റെ പക്വതയാർന്ന ബാറ്റിങ് ആണ് അവർക്ക് സഹായനായത്. ഈ വിജയത്തോടെ രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി.

തുടക്കത്തിൽ തന്നെ രാജസ്ഥാന് ജയ്സ്വാളിനെയും സഞ്ജുവിനെയും നഷ്ടമായി. ജയ്സ്വാൾ 10 റൺസും സഞ്ജു 12 റൺസുമാണ് എടുത്തത്. വിക്കറ്റുകൾ പോയെങ്കിലും മറുവശത്ത് റൺസ് വന്നത് രാജസ്ഥാന് ഗുണമായി. അധികം വൈകാതെ 13 റൺസ് എടുത്ത ബട്ലറും പുറത്തായി.

അതിനു ശേഷം പരാഗും അശ്വിനും ചേർന്ന് പതിയെ രാജസ്ഥാനെ കരകയറ്റി. അശ്വിൻ 16 റൺസ് എടുത്ത് പുറത്താകുമ്പോൾ രാജസ്ഥാന് 38 റൺസ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. റിയാൻ പരാഗ് മികച്ച ഇന്നിംഗ്സ് കളിച്ച് രാജസ്ഥാനെ വിജയത്തിൽ എത്തിച്ചു. പരാഗ് 39 പന്തിൽ നിന്ന് 54 റൺസ് എടുത്തു. 3 സിക്സും 5 ഫോറും പരാഗ് അടിച്ചു. പരാഗ് കഴിഞ്ഞ കളിയിലും അർധ സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് വെറും 125 റൺസ് ആയിരുന്നു എടുത്തത്. ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ മധ്യ ഓവറുകളിൽ യൂസുവേന്ദ്ര ചഹാലും മുംബൈയെ വെള്ളം കുടിപ്പിയ്ക്കുകയായിരുന്നു. ഇരുവരും 3 വീതം വിക്കറ്റാണ് നേടിയത്. മുംബൈ നിരയിൽ 34 റൺസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ് സ്കോറര്‍. തിലക് വര്‍മ്മ 32 റൺസ് നേടി.

ആദ്യ ഓവറിൽ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറിൽ ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കി. ഈ മൂന്ന് താരങ്ങളും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

16 റൺസ് നേടിയ ഇഷാന്‍ കിഷനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 20/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യ – തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ 36 പന്തിൽ 56 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറിൽ ചഹാല്‍ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 21 പന്തിൽ 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്.

29 പന്തിൽ 32 റൺസ് നേടിയ തിലക് വര്‍മ്മയും പുറത്തായതോടെ മുംബൈയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ചഹാലിനായിരുന്നു വര്‍മ്മയുടെ വിക്കറ്റ്. ബോള്‍ട്ട് 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചഹാൽ 4 ഓവറിൽ 11 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റാണ് നേടിയത്.

ടിം ഡേവിഡ് 17 റൺസ് നേടി മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ നാന്‍ഡ്രേ ബര്‍ഗര്‍ താരത്തെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

Exit mobile version