Kuldeepyadav

പൊരുതിയത് റോയ് മാത്രം, കൊൽക്കത്തയെ 127 റൺസിലേക്ക് എത്തിച്ച് റസ്സൽ

കൊൽക്കത്തയ്ക്കായി ഡൽഹിയ്ക്കെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തിയത് ജേസൺ റോയ് മാത്രം. ഇന്ന് ഐപിഎലിലെ രണ്ടാം മത്സരത്തിൽ വൈകി തുടങ്ങിയ മത്സരത്തിൽ കൊൽക്കത്ത ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ജേസൺ റോയ് ഒഴികെ മറ്റാര്‍ക്കും റൺസ് കണ്ടെത്തുവാന്‍ സാധിച്ചില്ല. 20 ഓവറിൽ 127 റൺസിന് കൊൽക്കത്ത ഓള്‍ഔട്ട് ആകുകയായിരുന്നു.

കൊൽക്കത്ത ബാറ്റ്സ്മാന്മാരെ ഒരു വശത്ത് നിന്ന് ഇഷാന്തും അക്സറും അടങ്ങുന്ന ഡൽഹി ബൗളിംഗ് നിര എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ മറുവശത്ത് ജേസൺ റോയ് പൊരുതുകയായിരുന്നു.

15ാം ഓവറിൽ കുൽദീപ് യാദവ് ബൗളിംഗിനെത്തി ജേസൺ റോയിയുടെ ചെറുത്ത്നില്പ് അവസാനിപ്പിക്കുകയായിരുന്നു. 39 പന്തിൽ 43 റൺസായിരുന്നു റോയി നേടിയത്. തൊട്ടടുത്ത പന്തിൽ അനുകുൽ റോയിയെയും കുൽദീപ് പുറത്താക്കുകയായിരുന്നു.

ആന്‍ഡ്രേ റസ്സൽ 38 റൺസ് നേടി അവസാന ഓവറുകളിൽ പൊരുതി നിന്നാണ് ടീം സ്കോര്‍ നൂറ് കടത്തിയത്. അവസാന ഓവറിൽ മുകേഷ് കുമാറിനെ ഹാട്രിക്ക് സിക്സുകള്‍ക്ക് പറത്തിയ റസ്സൽ ടീമിനെ 127 റൺസിലേക്ക് നയിച്ചു.

ഡൽഹിയ്ക്കായി കുൽദീപ് യാദവ്, അക്സര്‍ പട്ടേൽ, ആന്‍റിക് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version