താളം തെറ്റിയ രാജസ്ഥാന്റെ ബാറ്റിംഗിന് മാന്യത പകര്‍ന്ന് റിയാന്‍ പരാഗ്

ടോപ് ഓര്‍ഡറിൽ ജോസ് ബട്‍ലര്‍ പരാജയപ്പെട്ടപ്പോള്‍ രാജസ്ഥാന്റെ ബാറ്റിംഗിന്റെ താളം തെറ്റി. റിയാന്‍ പരാഗ് നേടിയ 56 റൺസാണ് രാജസ്ഥാനെ 144 റൺസിലേക്ക് എത്തിച്ചത്. 27 റൺസ് നേടിയ സഞ്ജു സാംസൺ, 17 റൺസ് നേടിയ അശ്വിന്‍ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ദേവ്ദത്ത് പടിക്കലിനെ(7) രണ്ടാം ഓവറിൽ നഷ്ടമായ ശേഷം വൺ ഡൗണായി ഇറങ്ങിയ അശ്വിന്‍ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ജോസ് ബട്‍ലര്‍ കാഴ്ച്ചക്കാരനായി നിൽക്കുകയായിരുന്നു. ദേവ്ദത്തിനെ പുറത്താക്കിയ സിറാജ് അശ്വിനെയും പുറത്താക്കിയപ്പോള്‍ 9 പന്തിൽ നിന്ന് 17 റൺസാണ് അശ്വിന്‍ നേടിയത്.

അടുത്ത പന്തിൽ ജോഷ് ഹാസൽവുഡ് ജോസ് ബട്‍ലറെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 33/3 എന്ന നിലയിലേക്ക് വീണു. പിന്നീട് സഞ്ജു ഏതാനും സിക്സുകളുമായി ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് സ്കോര്‍ മുന്നോട്ട് നയിച്ചുവെങ്കിലും 3 സിക്സുകള്‍ അടക്കം 27 റൺസ് നേടിയ താരത്തെ വനിന്‍ഡു ഹസരംഗ പുറത്താക്കുകയായിരുന്നു.

സഞ്ജുവും മിച്ചലും ചേര്‍ന്ന് 35 റൺസാണ് നേടിയത്. പിന്നീട് ഹെറ്റ്മ്യറിന് മുന്നേ രാജസ്ഥാന്‍ പരാഗിനെ ഇറക്കി. ഇരുവരും കരുതലോടെ സ്കോര്‍ നീക്കിയപ്പോള്‍ 31 റൺസ് കൂടി അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടി. അവിടുന്നങ്ങോട്ട് ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും തന്റെ ചുമലിലേറ്റി ടീമിനെ പരാഗ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

31 പന്തിൽ 56 റൺസ് നേടിയ താരം ഇന്നിംഗ്സിലെ അവസാന ഓവറിൽ ഹര്‍ഷൽ പട്ടേലിനെ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റൺസ് നേടിയപ്പോള്‍ രാജസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. ആര്‍സിബി ബൗളര്‍മാരിൽ മുഹമ്മദ് സിറാജ്, ജോഷ് ഹാസൽവുഡ്, വനിന്‍ഡു ഹസരംഗ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version