ബയോ ബബിളിലെ താമസം ശ്രമകരം – വിരാട് കോഹ്‍ലി

ബയോ ബബിളില്‍ തുടരുന്നത് ശ്രമകരമായ കാര്യമാണെന്നും അത് താരങ്ങളെ മാനസികമായി ബാധിക്കുമെന്നും പറഞ്ഞ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകന്‍ വിരാട് കോഹ്‍ലി. ഇതുവരെയുള്ള ബയോ ബബിള്‍ ജീവിതം താന്‍ ആസ്വദിച്ചുവെങ്കിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ അരോചകമായി മാറുമെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

ആര്‍സിബി ടിവിയോട് സംസാരിക്കവേയാണ് കോഹ്‍ലി തന്റെ മനസ്സ് തുറന്നത്. ഐപിഎല്‍ കഴിഞ്ഞ ഉടനെ ഇന്ത്യ ഓസ്ട്രേലിയന്‍ ടൂറിനായി യാത്ര തിരിയ്ക്കും. അത് ഫെബ്രുവരിയില്‍ മാത്രമാകും അവസാനിക്കുക. ബയോ ബബിളിലെ അംഗങ്ങളെല്ലാം ഒരേ വൈബുള്ളവരാവുമ്പോള്‍ കാര്യങ്ങള്‍ രസകരമാകും എന്നാല്‍ ഇത് ആവര്‍ത്തിക്കുമ്പോളാണ് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുക എന്നും കോഹ്‍ലി പറഞ്ഞു.

80 ദിവസമെല്ലാം ഈ മാനസികാവസ്ഥയില്‍ ആളുകള്‍ക്ക് കഴിയാനാകുമെന്നത് അത്ര എളുപ്പമല്ലെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു. കുടുംബത്തെ കാണുവാനുള്ള അവസരമില്ലാത്തതോ വേറിട്ട ഒന്നിലും ഉള്‍പ്പെടുവാനാകാത്തതും താരങ്ങള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

നേരത്തെ തന്നെ പല താരങ്ങളും ബയോ ബബിള്‍ ജീവിതം പ്രയാസകരമാണെന്ന് തുറന്ന് പറഞിരുന്നു. ഇംഗ്ലണ്ട് താരം ജോഫ്ര തനിക്ക് എത്ര നാള്‍ ഇങ്ങനെ ക്രിക്കറ്റ് കളിക്കാനാകമെന്ന് ഉറപ്പില്ലെന്ന് പറഞ്ഞപ്പോള്‍ ബയോ ബബിളില്‍ നിന്ന് ഒഴിവാകുവാന്‍ വേണ്ടി സ്റ്റീവ് സ്മിത്ത് ബിഗ് ബാഷില്‍ നിന്ന് പിന്മാറിയിരുന്നു.

Exit mobile version