റഷീദ് ഖാന്‍ ഒരു വിക്കറ്റ് ടേക്കറാണെന്ന് കരുതുന്നില്ല് – ബ്രയന്‍ ലാറ

സൺറൈസേഴ്സ് നിലനിര്‍ത്താതെ കൈവിട്ട റഷീദ് ഖാനില്ലാതെയും ടീം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് പറഞ്ഞ് ബ്രയന്‍ ലാറ. റഷീദ് ഖാന്‍ ഒരു വിക്കറ്റ് ടേക്കറാണെന്ന് കരുതുന്നില്ലെന്നും താരത്തിനെ കരുതലോടെ കളിക്കുവാനാണ് ബാറ്റ്സ്മാന്മാര്‍ പൊതുവേ ശ്രമിക്കാറെന്നും വാഷിംഗ്ടൺ സുന്ദറും ജഗദീഷ സുചിതും റഷീദ് ഖാന് പകരം ടീമിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സൺറൈസേഴ്സ് ബാറ്റിംഗ് കോച്ച് വെളിപ്പെടുത്തി.

2017-21 വരെ സൺറൈസേഴ്സിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാരനായിരുന്നു റഷീദ് ഖാന്‍. 83 മത്സരങ്ങളിൽ നിന്ന് ഐപിഎലില്‍ നൂറ് വിക്കറ്റ് തികച്ച റഷീദ് ഖാന്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗുജറാത്തിന് വേണ്ടി ഈ നേട്ടം കുറിച്ചത്. വേഗത്തിൽ നൂറ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാണ് റഷീദ്.

തനിക്ക് റഷീദ് ഖാനോട് വലിയ മതിപ്പാണെന്നും എന്നാൽ താരത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുവാനാണ് ബാറ്റ്സ്മാന്മാര്‍ ശ്രമിക്കുന്നതെന്നും അതിനാൽ റഷീദിനെ ഒരു വിക്കറ്റ് ടേക്കറായി താന്‍ കരുതുന്നില്ലെന്നും ലാറ കൂട്ടിചേര്‍ത്തു.

റഷീദ് ഖാന്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍ സൺറൈസേഴ്സ് ഇപ്പോള്‍ ഏഴിൽ ഏഴും വിജയിച്ചേനെ എന്നത് വേറെ കാര്യമാണെന്നും താരത്തിന്റെ കഴിവിൽ ഒരു അഭിപ്രായവ്യത്യാസവും തനിക്കില്ലെന്നും ലാറ പറഞ്ഞു.