ഉഫ് ഉമ്രാന്‍!!! ഉമ്രാന്റെയും നടരാജന്റെയും തീപാറും സ്പെല്ലിന് ശേഷം കൊല്‍ക്കത്തയെ 175 റൺസിലെത്തിച്ച് നിതീഷും റസ്സലും

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 31/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ച് നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും. ടി നടരാജനും ഉമ്രാന്‍ മാലിക്കും അടങ്ങിയ തീപാറും പേസ് ബൗളിംഗിനെതെിരെ ഈ സ്കോര്‍ നേടുവാനായത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് സന്തോഷകരമായ കാര്യം കൂടിയാണ്.

ആരോൺ ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കിയപ്പോള്‍ ടി നടരാജന്റെ ഇരട്ട പ്രഹരങ്ങള്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 39 റൺസ് നാലാം വിക്കറ്റിൽ നേടി ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ തിരികെ ട്രാക്കിലെത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ ഒരു തകര്‍പ്പന്‍ പന്ത് അയ്യരുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Nitishrana

28 റൺസാണ് അയ്യര്‍ നേടിയത്. നിതീഷ് റാണയും ഷെൽഡൺ ജാക്സണും ചേര്‍ന്ന് ഉമ്രാന്‍ മാലികിന്റെ അടുത്ത ഓവറിൽ ഓരോ സിക്സര്‍ നേടിയെങ്കിലും ജാക്സണേ മടക്കി ഉമ്രാന്‍ പകരം വീട്ടി. ഇതിനിടെ നിതീഷ് റാണ 32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഉമ്രാന്‍ തന്റെ തീപാറും സ്പെല്ലിൽ 27 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് നേടിയത്. 36 പന്തിൽ 54 റൺസ് നേടിയ നിതീഷ് റാണയെ പുറത്താക്കി നടരാജന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവര്‍ എറിഞ്ഞ സുചിത്തിനെ 2  സിക്സുകളും ഒരു ബൗണ്ടറിയും പായിച്ച് ആന്‍ഡ്രേ റസ്സൽ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ചു. താരം പുറത്താകാതെ 25 പന്തിൽ 49 റൺസാണ് നേടിയത്.