Dhruvjurel

രാജസ്ഥാന്‍ സ്കോറിന് മാന്യത പകര്‍ന്ന് ധ്രുവ് ജുറേൽ

കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന്‍ റോയൽസിന്റെ മോശം ബാറ്റിംഗ് പ്രകടനം. ഇന്ന് ടോസ് നേടി കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം മികച്ച രീതിയിലാണ് രാജസ്ഥാന്‍ തുടങ്ങിയത്. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകളുമായി കൊൽക്കത്ത തിരിച്ചടിയ്ക്കുകയായിരുന്നു. ധ്രുവ് ജുറേലും ജോഫ്ര ആര്‍ച്ചറും അവസാന ഓവറുകളിൽ നിര്‍ണ്ണായക റൺസ് നേടിയപ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്.

 

13 റൺസ് നേടിയ സഞ്ജുവിനെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. സഞ്ജു – ജൈസ്വാള്‍ കൂട്ടുകെട്ട് 33 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ജൈസ്വാളും റിയാന്‍ പരാഗും ചേര്‍ന്ന് 34 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി. സഞ്ജുവിന്റെ വിക്കറ്റ് വൈഭവ് അറോറ നേടിയപ്പോള്‍ 25 റൺസ് നേടിയ റിയാന്‍ പരാഗിനെ വരുൺ ചക്രവര്‍ത്തിയും 29 റൺസ് നേടിയ ജൈസ്വാളിനെ മോയിന്‍ അലിയും പുറത്താക്കി.

വനിന്‍ഡു ഹസരംഗയെ വരുൺ ചക്രവര്‍ത്തിയും നിതീഷ് റാണയെ മോയിന്‍ അലിയും പുറത്താക്കിയതോടെ 82/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു. ഒരു ഘട്ടത്തിൽ 67/1 എന്ന നിലയിലായിരുന്ന ടീമിന് 18 റൺസ് നേടുന്നതിനിടെയാണ് 4 വിക്കറ്റ് നഷ്ടമായത്.

28 റൺസ് നേടി ധ്രുവ് ജുറേൽ – ശുഭം ദുബേ കൂട്ടുകെട്ട് രാജസ്ഥാനെ തിരികെ മത്സരത്തിലേക്ക് എത്തിക്കുമെന്ന നിമിഷത്തിലാണ് ശുഭമിനെ പുറത്താക്കി വൈഭവ് അറോറ കൂട്ടുകെട്ട് തകര്‍ത്തത്.

ഇന്നിംഗ്സിന്റെ അവസാനത്തോടെ 33 റൺസ് നേടിയ ധ്രുവ് ജുറേലിനെ നഷ്ടമായെങ്കിലും 7 പന്തിൽ 16 റൺസ് നേടി ജോഫ്ര രാജസ്ഥാന് വേണ്ടി നിര്‍ണ്ണായക സംഭാവന നൽകി. വരുൺ ചക്രവര്‍ത്തിയ്ക്കും മോയിന്‍ അലിയ്ക്കും ഒപ്പം വൈഭവ് അറോറയും ഹര്‍ഷിത് റാണയും 2 വീതം വിക്കറ്റ് നേടി.

Exit mobile version