തീപാറും തുടക്കം, പിന്നീട് തകര്‍ച്ച, രാജസ്ഥാന്‍ പതിവ് തെറ്റിച്ചില്ല

Sports Correspondent

എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും നല്‍കിയ മിന്നും തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയൽസ്. 11 ഓവറിൽ 100/1 എന്ന നിലയിൽ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് മാത്രമാണ് ടീം നേടിയത്.

77 റൺസാണ് എവിന്‍ ലൂയിസ് – യശസ്വി ജൈസ്വാള്‍ കൂട്ടുകെട്ട് 8.2 ഓവറിൽ നേടിയത്. 22 പന്തിൽ 31 റൺസ് നേടിയ ജൈസ്വാളിനെ ഡാനിയേൽ ക്രിസ്റ്റ്യന്‍ ആണ് പുറത്താക്കിയത്. ജൈസ്വാളിന്റെ വിക്കറ്റിന് ശേഷം എത്തിയ സഞ്ജുവിനൊപ്പം ലൂയിസ് രാജസ്ഥാനെ 11 ഓവറില്‍ നൂറ് എന്ന സ്കോറിലേക്ക് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ എവിന്‍ ലൂയിസിനെ ഗാര്‍ട്ടൺ പുറത്താക്കി തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേടുകയായിരുന്നു. 58 റൺസാണ് 37 പന്തിൽ ഈ ലൂയിസ് നേടിയത്. ലൂയിസ് സഞ്ജു കൂട്ടുകെട്ട് 23 റൺസാണ് നേടിയത്. ലൂയിസ് പുറത്തായി അധികം വൈകാതെ മഹിപാൽ ലോംറോറിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 113/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

അടുത്ത ഓവറിൽ സ‍ഞ്ജു സാംസണും(19) വീണതോടെ കാര്യങ്ങള്‍ രാജസ്ഥാന് കടുപ്പമായി മാറി. ഷഹ്ബാസ് അഹമ്മദ് ആണ് വിക്കറ്റ് നേടിയത്. 113/2 എന്ന നിലയിൽ നിന്നാണ് 113/4 എന്ന നിലയിലേക്ക് ടീം വീഴുന്ന കാഴ്ചയാണ് കണ്ടത്. അതേ ഓവറിൽ രാഹുല്‍ തെവാത്തിയയും പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 4 റൺസ് കൂടിയാണ് വന്നത്.

വെടിക്കെട്ട് താരം ലിയാം ലിവിംഗ്സ്റ്റണിനെ ചഹാല്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 127/6 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്‍ 20 ഓവറിൽ 149 റൺസ് മാത്രം നേടി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഹര്‍ഷൽ പട്ടേല്‍ അവസാന ഓവറിൽ റിയാന്‍ പരാഗിനെയും ക്രിസ് മോറിസിനെയും പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തുകയായിരുന്നു. എന്നാൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തിൽ ഹാട്രിക്ക് നേടുവാന്‍ താരത്തിന് സാധിച്ചില്ല. ഇന്നിംഗ്സിലെ അവസാന പന്തിൽ ഹര്‍ഷൽ തന്റെ മൂന്നാം വിക്കറ്റും നേടി.

അവസാന 9 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് മാത്രമാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്.