അവശേഷിക്കുന്നത് നാല് മത്സരങ്ങള്‍, പൊലിയുമോ രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിന്റെ ഏറിയ പങ്കും ടോപ് 2ൽ നിന്നിരുന്ന രാജസ്ഥാന്‍ റോയൽസ് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം പരാജയം ആണ് നേരിടുന്നത്. ടീമിന്റെ ബാറ്റിംഗ് യൂണിറ്റിന്റെ താളം അവസാന രണ്ട് മത്സരങ്ങളിൽ തെറ്റിയപ്പോള്‍ ബൗളിംഗ് യൂണിറ്റിന് ആവശ്യമായ റൺസ് നൽകുവാന്‍ ടീമിന് സാധിക്കുന്നില്ല എന്നതാണ് കാണുവാന്‍ സാധിക്കുന്നത്.

ജോസ് ബട്‍ലര്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ താരത്തിന് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ സാധിക്കുന്നില്ല എന്നത് ടീമിന്റെ റൺ സ്കോറിംഗിനെ വല്ലാതെ ബാധിക്കുന്നുണ്ട്. ദേവ്ദത്ത് പടിക്കലിന് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്താനാകാതെ പോകുന്നതാണ് ടീം നേരിടുന്ന അടുത്ത വെല്ലുവിളി.

ജോസ് സ്കോര്‍ ചെയ്തില്ലെങ്കില്‍ സ്കോര്‍ ബോര്‍ഡിൽ വേണ്ടത്ര റൺസ് വരുന്നില്ല എന്നത് രാജസ്ഥാന് തലവേദനയാകുമ്പോളും ആശ്വാസമാകുന്നത് സഞ്ജു റൺസ് കണ്ടെത്തുന്നു എന്നതാണ്. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം പലപ്പോഴും പ്രതീക്ഷിക്കുവാനാകുന്നില്ല എന്നത് ടീമിന് തിരിച്ചടിയാണ്.

നിര്‍ണ്ണായക ഘട്ടത്തിൽ ടീമിന് താങ്ങാവുന്നത് ഷിമ്രൺ ഹെറ്റ്മ്യറുടെ ബാറ്റിംഗ് തന്നെയാണ്. ഇന്നും ടീമിനെ 152 റൺസിലേക്ക് എത്തിച്ചതിൽ താരത്തിന് വലിയ പങ്കുണ്ട്. ബൗളിംഗ് യൂണിറ്റ് തന്നെയാണ് രാജസ്ഥാന്റെ ശക്തിയെങ്കിലും ടീമിന് ടോസ് നേടുവാനാകാതെ പോകുന്നത് ഡ്യൂവിൽ പന്തെറിയേണ്ട സ്ഥിതിയിലേക്ക് ടീമിനെ കൊണ്ടെത്തിക്കുന്നു. ഇത് പലപ്പോഴും ചെറിയ സ്കോര്‍ പ്രതിരോധിക്കുമ്പോള്‍ ടീമിന് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന ഓവര്‍ വരെ മത്സരം കൊണ്ടെത്തിക്കുവാന്‍ ടീമിന് സാധിക്കുന്നുണ്ടെങ്കിലും 15-20 കുറവായിരുന്നു ബാറ്റ്സ്മാന്മാര്‍ നേടിയതെന്ന ഒരു അവലോകനം തന്നെയാകും ഏവര്‍ക്കും നടത്തുവാനാകും.

വലിയ വാലറ്റം ഉണ്ടെന്നത് തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നം. അശ്വിനെ മൂന്നാം നമ്പറിൽ പരീക്ഷിച്ച് ടീമിന്റെ ബാറ്റിംഗിന് നീട്ടം നൽകുവാന്‍ വിഫല ശ്രമം ടീം നടത്തി നോക്കിയെങ്കിലും അതും അത്ര വിജയം കണ്ടില്ല. മധ്യ നിരയിൽ ഹെറ്റ്മ്യറിനും സഞ്ജുവിനും ഇടയ്ക്ക് ആരെ ബാറ്റിംഗിൽ പരീക്ഷിക്കും എന്നതാണ് രാജസ്ഥാന്റെ അടുത്ത തലവേദന.

കരുൺ നായര്‍, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, ഡാരിൽ മിച്ചൽ എന്നിവരെ പരീക്ഷിച്ച് നോക്കിയെങ്കിലും ആര്‍ക്കും കാര്യമായ പ്രഭാവം സൃഷ്ടിക്കാനായിട്ടില്ല. ഇനിയുള്ള ഉപാധി ടീം നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നാണ്. യശസ്വി ജൈസ്വാളിനെ വീണ്ടും ഓപ്പണിംഗിലേക്ക് കൊണ്ടുവന്ന് മൂന്നാം നമ്പറിലേക്ക് ദേവ്ദത്ത് പടിക്കലിനെ ഇറക്കി സഞ്ജുവിന് നാലാം നമ്പറിൽ അവസരം നൽകുക.

അല്ലാത്ത പക്ഷം ഓള്‍റൗണ്ടറായി ജെയിംസ് നീഷത്തിനെ വീണ്ടും പരീക്ഷിക്കു എന്നതും ശ്രമിക്കാവുന്ന നീക്കം ആണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇനി സമയം ഉണ്ടോ എന്നതാണ് വലിയ ചോദ്യം. കാരണം ഇനിയങ്ങോട്ടുള്ള മത്സരഫലം ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ വല്ലാതെ ബാധിക്കുന്നവയാണ്.

ഇനി രാജസ്ഥാന് അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിര്‍ണ്ണയിക്കപ്പെടുമെന്നിരിക്കവേ 12 പോയിന്റുമായി ടീം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. സൺറൈസേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ ആണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വെല്ലുവിളിയായി എത്തിയിരിക്കുന്നത്.

പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരുമായി ആണ് രാജസ്ഥാന്റെ ഇനിയുള്ള മത്സരങ്ങള്‍. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ടീമിന് ഒന്നും ജയിക്കുവാനാകുന്നില്ലെങ്കില്‍ ടീം പ്ലേ ഓഫ് കാണാതെ മടങ്ങുമെന്ന് തന്നെ വേണം അനുമാനിക്കുവാന്‍.