ചെറു സ്കോര്‍ പിന്തുടരാനാകാതെ ഡല്‍ഹി, പൊരുതി നോക്കി ശ്രേയസ്സ് അയ്യര്‍

ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലാക്കാനാകാതെ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍. 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. നാലോവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ഡല്‍ഹിയ്ക്ക് അനുകൂലമായി മത്സരം മാറ്റിയത് പതിനേഴാം ഓവറില്‍ 15 റണ്‍സ് വഴങ്ങിയ ബരീന്ദര്‍ സ്രാന്‍ എന്നാല്‍ 19ാം ഓവറില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. രണ്ടോവറില്‍ 21 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിയ്ക്ക് സ്രാനിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമേ നേടാനായുള്ളു. പ്ലങ്കറ്റിന്റെ വിക്കറ്റും താരം സ്വന്തമാക്കി.

അവസാന ഓവറില്‍ 17 റണ്‍സാണ് ജയിക്കാന്‍ ഡല്‍ഹി നേടേണ്ടിയിരുന്നത്. മുജീബ് സദ്രാന്‍ എറിഞ്ഞ ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും ശ്രേയസ്സ് അയ്യര്‍ നേടിയെങ്കിലും ലക്ഷ്യം അവസാന പന്തില്‍ 5 റണ്‍സ് എന്ന സ്ഥിതിയില്‍ അയ്യര്‍ ഫിഞ്ചിനു വിക്കറ്റ് നല്‍കിയപ്പോള്‍ പഞ്ചാബിനു 4 റണ്‍സ് വിജയം സ്വന്തമാക്കാനായി. 57 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

പൃഥ്വി ഷാ 10 പന്തില്‍ 22 റണ്‍സ് നേടി ഡല്‍ഹിയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ ഡല്‍ഹി നിര പരുങ്ങലിലായി. 24 റണ്‍സ് നേടി രാഹുല്‍ തെവാത്തിയ ശ്രേയസ്സിനൊപ്പം ഡല്‍ഹിയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും ആന്‍ഡ്രൂ ടൈ തെവാത്തിയയെ മടക്കിയയച്ചു.

അങ്കിത് രാജ്പുത്, മുജീബ് ഉര്‍ റഹ്മാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ടും ബരീന്ദര്‍ സ്രാന്‍ ഒരു വിക്കറ്റുമാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial