ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ പഞ്ചാബ് താരങ്ങള്‍ക്ക്, പ്ലേ ഓഫിലേക്ക് ടീം ഉണ്ടാകുമോ?

ഐപിഎലിലെ ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകളുടെ ഉടമകള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങളാണ്. 652 റണ്‍സുമായി കെഎല്‍ രാഹുല്‍ ഓറഞ്ച് ക്യാപ്പിന്റെ ഉടമയാകുമ്പോള്‍ 24 വിക്കറ്റുമായി ആന്‍ഡ്രൂ ടൈ പര്‍പ്പിള്‍ ക്യാപ്പ് ഉടമകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. തൊട്ടു പിന്നിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ 6 വിക്കറ്റ് അധികമാണ് ടൈ സ്വന്തമാക്കിയിട്ടുള്ളത്. ഹാര്‍ദ്ദിക് 18 വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.

ഋഷഭ് പന്തിനെക്കാള്‍ 70 റണ്‍സ് അധികമാണ് രാഹുല്‍ നേടിയിട്ടുള്ളത്. ഇരു താരങ്ങളും ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നു എന്നതിനാല്‍ ആര്‍ക്കാവും ഓറഞ്ച് ക്യാപ് സ്വന്തമാക്കാനാകുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്ലേ ഓഫുകളിലേക്ക് പഞ്ചാബ് കടക്കുമോ എന്നതിനു ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല.

അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് പഞ്ചാബിന്റെ മത്സരം. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ മോശം റണ്‍റേറ്റുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബിനു പ്ലേ ഓഫുകളിലേക്ക് കടക്കാനാകുള്ളു. അടുത്ത മത്സരം മുംബൈയോ രാജസ്ഥാനോ ജയിക്കുകയാണെങ്കില്‍ അവസാന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ ജയിക്കാനായാലും കിംഗ്സ് ഇലവന്‍ പഞ്ചാബിനെക്കാള്‍ മികച്ച റണ്‍റേറ്റുള്ള മുംബൈ പ്ലേ ഓഫിലേക്ക് യോഗ്യത നേടുവാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial