പൊരുതാനുറച്ച് പഞ്ചാബ്

കിങ്‌സ് ഇലവൻ പഞ്ചാബ് ആണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനക്കാർ. 2014ൽ ഫൈനിൽ എത്തിയത് ആണ് അവരുടെ ഏറ്റവും മികച്ച നേട്ടം. പിന്നീടുള്ള രണ്ടു സീസണിലും അവസാന സ്ഥാനക്കാരായിരുന്നു. രണ്ടു സീസൺ മുൻപേ നിർഭാഗ്യം കൊണ്ട് ഫൈനലിൽ തോറ്റ ടീമിലുള്ള പ്രമുഖർ എല്ലാം തന്നെ ഇപ്പോളും ടീമിലുണ്ട്. ആ സീസണിൽ നിറഞ്ഞാടിയ ഗ്ലെൻ മക്സ്വെൽ ആണ് അവരുടെ നായകൻ. ആരാധകരുടെ പ്രിയതാരം വീരേന്ദർ സെഹ്‌വാഗ്‌ തന്ത്രങ്ങൾ മെനയാൻ കൂടെയുണ്ട്. ഇക്കുറി തലവര മാറ്റി എഴുതുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് പഞ്ചാബ് പടക്കിറങ്ങുന്നത്.

ലേലത്തിൽ പിശുക്ക് കാട്ടുന്ന പഞ്ചാബ് ഈ പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. മൂന്ന് കോടി മുടക്കി നേടിയ തമിഴ്നാട് പേസർ ടി നടരാജൻ ആണ് അവരുടെ വിലകൂടിയ താരം. അനുഭവ സമ്പത്തിനു പ്രാമുഖ്യം നൽകിയ അവർ മാർട്ടിൻ ഗുപ്ടില്‍, ഡാരന്‍ സമി, ഓയിന്‍ മോർഗൻ, മാറ്റ് ഹെൻറി എന്നിവരേയും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പേസർ വരുൺ ആരോണ് ആണ് അവർ സ്വന്തമാക്കിയ മറ്റൊരു പ്രമുഖ താരം.

നായകൻ ഗ്ലെൻ മക്സ്വെൽ തന്നെയാണ് കിങ്‌സ് ഇലവന്റെ സൂപ്പർതാരം. ബോർഡർ ഗാവസ്‌കർ സീരീസിൽ സെഞ്ച്വറി നേടിയ നായകൻ ആ ഫോം നിലനിർത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡേവിഡ് മില്ലർ ആണ് മറ്റൊരു പ്രതീക്ഷ. ഫോമിലെത്തിയാൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന മില്ലർ കഴിഞ്ഞ വട്ടം നിരാശപ്പെടുത്തിയിരുന്നു. പഞ്ചാബ് മുന്നേറ്റം ഇരുവരുടെയും ഫോമിനെ ആശ്രയിച്ചയിരുക്കും എന്നത് ഉറപ്പാണ്. എം വിജയ്, മനൻ വോറ എന്നിവരായിരിക്കും ഓപ്പൺ ചെയ്യുക. ഹാഷിം ആംലയും മുൻനിരയിൽ ഇറങ്ങാൻ സാധ്യതയുള്ള താരമാണ്. മധ്യ നിരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ,മോർഗൻ, ഷോൺ മാർഷ് തുടങ്ങിയവർ ഉണ്ട്. ഇവരെല്ലാം മികച്ച ഇന്നിംഗ്സുകൾ കളിയ്ക്കാൻ പ്രാപ്തരാണ്. ആള് റൗണ്ടർമാരായ ഡറൻ സമി, ഗുർകീരത് സിങ്, മർകസ് സ്ടോഇന്സ് എന്നിവരും ടീമിന് കരുത്തേകും.

അക്സർ പട്ടേൽ ആവും ടീമിന്റെ സ്പിൻ ആക്രമണം നയിക്കുക. ബാറ്റിങ്ങും തനിക്കു വഴങ്ങും എന്ന് തെളിയിച്ചിട്ടുള്ള പട്ടേൽ ടീമിന് മുതൽക്കൂട്ടാണ്. കെ സി കരിയപ്പ ആണ് ടീമിലെ മറ്റൊരു സ്പിന്നർ. സന്ദീപ് ശർമ്മ, മോഹിത് ശർമ്മ,വരുൺ ആരോണ് എന്നിവർ ആയിരിക്കും പേസ് ബൗളിംഗ് നിരയിൽ കളത്തിലിറങ്ങുക. സ്വിങ് ബൗളരായ സന്ദീപ് മുൻപത്തെ സീസണുകളിൽ കഴിവ് തെളിയിച്ചതാണ്.അതി വേഗത്തിൽ പന്തെറിയുന്ന വരുൺ ആരോൺ കൃത്യത കൂടി കണ്ടെത്തിയാൽ പഞ്ചാബിന് അത് കരുത്തേകും കിവി പേസർ മാറ്റ് ഹെൻറി മാത്രമാണ് ബൗളിംഗ് നിരയിലെ വിദേശ സാന്നിധ്യം.

അനുഭവ സമ്പന്നരായ താരങ്ങളിൽ നിന്നും മികച്ച ടീം കോമ്പിനേഷൻ തിരഞ്ഞെടുക്കുക ആകും ആദ്യ വെല്ലുവിളി. ഗ്ലെൻ മാക്സ്വെലിനൊപ്പം ഏതൊക്കെ വിദേശ താരങ്ങൾ ഇറങ്ങും എന്നത് വ്യക്തമായിട്ടില്ല. രണ്ടു സീസണുകൾക്കു മുന്നേ എല്ലാവരുടെയും ഹൃദയം കീഴടക്കിയ കറുത്ത കുതിരകളുടെ തിരിച്ചു വരവിനായി ആണ് ആരാധകർ കാത്തിരിക്കുന്നത്