പ്ലേ ഓഫ് ഉറപ്പിക്കാമെന്ന് ഡല്‍ഹിയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു – പോണ്ടിംഗ്

2012നു ശേഷം ഐപിഎല്‍ പ്ലേ ഓഫിനു യോഗ്യത നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ് പറയുന്നത് ടീം ഇത്തവണ മികവ് പുലര്‍ത്തുമെന്ന ആത്മവിശ്വാസം താരങ്ങളില്‍ ആദ്യം മുതലെയുണ്ടെന്നാണ്. ഇന്നലെ അക്സര്‍ പട്ടേലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും നല്‍കിയ 46 റണ്‍സ് അപരാജിത കൂട്ടുകെട്ടിന്റെ ബലത്തില്‍ 187 റണ്‍സ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് 171 റണ്‍സിനു ബാംഗ്ലൂരിനെ നിയന്ത്രിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.

പ്ലേ ഓഫുകള്‍ക്ക് യോഗ്യത നേടുമെന്നതില്‍ ടീമിനു തുടക്കം മുതല്‍ ഉറപ്പായിരുന്നുവെന്നാണ് പോണ്ടിംഗ് പറയുന്നത്. ബാംഗ്ലൂരിനെതിരെ അത്ര ആധികാരികമല്ലായിരുന്നു വിജയമെങ്കിലും 16 പോയിന്റോടെ ടീം പ്ലേ ഓഫുകളിലേക്കെത്തുന്ന രണ്ടാമത്തെ ടീമായി മാറുകയായിരുന്നു. താരങ്ങള്‍ പരസ്പരം വിശ്വസിക്കുകയും മികച്ച ക്രിക്കറ്റും പുറത്തെടുക്കുന്നുണ്ട്, ഈ നിലയില്‍ ടീമിനു എത്തുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

Exit mobile version