Nathanellis

എല്ലിസിന് 4 വിക്കറ്റ്!!! പൊരുതി വീണ് രാജസ്ഥാന്‍ റോയൽസ്

രാജസ്ഥാന്‍ റോയൽസിനെതിരെ 5 റൺസ് വിജയം നേടി പഞ്ചാബ് കിംഗ്സ്. 198 റൺസ് നേടിയ പ‍ഞ്ചാബിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും നഥാന്‍ എല്ലിസ് നേടിയ നാല് വിക്കറ്റുകളാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്.

ഏഴാം വിക്കറ്റിൽ ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് 62 റൺസ് നേടി ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും 5 റൺസ് വിജയം പഞ്ചാബ് കൈക്കലാക്കി. അവസാന ഓവറിൽ 16 റൺസായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നതെങ്കിലും മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി.

ഓപ്പണിംഗിൽ യശസ്വി ജൈസ്വാളിനൊപ്പം രവിചന്ദ്രന്‍ അശ്വിനെയാണ് രാജസ്ഥാന്‍ പരീക്ഷിച്ചത്. ജൈസ്വാള്‍ കഴിഞ്ഞ മത്സരത്തിലെ പോലെ അതിവേഗം തുടങ്ങിയെങ്കിലും 8 പന്തിൽ 11 റൺസ് നേടിയ താരത്തെ അര്‍ഷ്ദീപ് പുറത്താക്കി.

അശ്വിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 26/2 എന്ന നിലയിലായി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ജോസ് ബട്‍ലറും മടങ്ങിയപ്പോള്‍ രാജസ്ഥാന്‍ 57/3 എന്ന സ്ഥിതിയിലേക്ക് വീണു. 11 പന്തിൽ 19 റൺസായിരുന്നു ബട്‍ലര്‍ നേടിയത്. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയൽസ് 89 റൺസാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നഥാന്‍ എല്ലിസ് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ താരം സഞ്ജുവിനെ പുറത്താക്കിയാണ് മത്സരത്തിലെ വലിയ നിമിഷം സൃഷ്ടിച്ചത്. 25 പന്തിൽ 42 റൺസാണ് സഞ്ജുവിന്റെ സംഭാവന.

ഒരു വശത്ത് ദേവ്ദത്ത് പടിക്കൽ റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അതിവേഗ സ്കോറിംഗുമായി റിയാന്‍ പരാഗ് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാൽ 12 പന്തിൽ 20 റൺസിന്റെ ഇന്നിംഗ്സ് നഥാന്‍ എല്ലിസ് അവസാനിപ്പിക്കുകയായിരുന്നു. അതേ ഓവറിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 26 പന്തിൽ 21 റൺസ് മാത്രമാണ് ദേവ്ദത്ത് നേടിയത്.

കളിയിൽ പഞ്ചാബ് മേൽക്കൈ നേടിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് രാജസ്ഥാന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

അവസാന നാലോവറിൽ 69 റൺസ് എന്ന വലിയ ലക്ഷ്യം ആയിരുന്നു രാജസ്ഥാന് മുന്നിൽ. ധ്രുവ് ജുറെലും ഷിമ്രൺ ഹെറ്റ്മ്യറും ഓരോ സിക്സ് വീതം നഥാന്‍ എല്ലിസിന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ 16 റൺസാണ് ഓവറിൽ നിന്ന് പിറന്നത്.

ഇതോടെ മൂന്നോവറിൽ 53 റൺസായി ലക്ഷ്യം മാറി. സാം കറനെറിഞ്ഞ ഓവറിൽ ഹെറ്റ്മ്യര്‍ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ 19 റൺസ് ഓവറിൽ നിന്ന് വന്നു. ഇതോടെ രണ്ടോവറിലെ ലക്ഷ്യം 34 റൺസായി.

അര്‍ഷ്ദീപിനെ ഒരു ഫോറും ഒരു സിക്സും പറത്തി ധ്രുവ് ജുറെൽ കസറിയപ്പോള്‍ അവസാന പന്തിൽ സിക്സര്‍ നേടി ഹെറ്റ്മ്യറും തിളങ്ങി. ഇതോടെ അവസാന ഓവറിൽ 16 റൺസെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ പിറക്കാതെ വന്നപ്പോള്‍ മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായതും രാജസ്ഥാന് തിരിച്ചടിയായി. 3 പന്തിൽ 12 റൺസെന്ന നിലയിൽ നിന്ന് അവസാന പന്തിൽ 10 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയപ്പോള്‍ അവസാന പന്തിൽ ബൗണ്ടറി നേടി ധ്രുവ് ജുറെൽ തോൽവി 5 റൺസാക്കി കുറച്ചു.

ഹെറ്റ്മ്യർ 18 പന്തിൽ 36 റൺസും ധ്രുവ് ജുറെൽ 15 പന്തിൽ 32 റൺസുമായി പുറത്താക്കാതെ നിന്നു.

Exit mobile version