ലോകത്ത് ഏത് ലീഗിനെക്കാളും മികച്ചത് ഐപിഎല്‍: സേവാഗ്

ലോകത്ത് വിവിധ രാജ്യങ്ങളിലായി നടക്കുന്ന വിവിധ ലീഗുകളെക്കാള്‍ ഏറ്റവും മികച്ചത് ഐപിഎല്‍ എന്ന് വിരേന്ദര്‍ സേവാഗ്. ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക എടുത്താല്‍ തന്നെ ലീഗ് എത്ര പ്രിയങ്കരമാണെന്ന് അറിയാം. രാജ്യാന്തര താരങ്ങളും പ്രാദേശിക താരങ്ങളും ഒരു പോലെ കളിക്കുവാന്‍ ഉറ്റു നോക്കുന്ന ലീഗ് ആണ് ഐപിഎല്‍. കാരണം ലോകത്തെ മികച്ച താരങ്ങള്‍ നിലവില്‍ തന്നെ ഈ ലീഗിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം കളിക്കുവാന്‍ ആഗ്രഹവുമായാണ് മറ്റു താരങ്ങളും ഐപിഎല്‍ അവസരത്തിനായി ഉറ്റുനോക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അണ്‍-കാപ്പ്ഡ് താരങ്ങള്‍ക്ക് പോലും ഐപിഎല്‍ എന്നാല്‍ സ്വപ്നമാണ്. ഇന്ത്യന്‍ താരങ്ങളാരും തന്നെ മറ്റു ലീഗുകളില്‍ കളിക്കുന്നില്ല. അതും ഐപിഎലിനെ വ്യത്യസ്തരാക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളിലും നിന്നും ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ എത്തുന്നു എന്നും സേവാഗ് പറഞ്ഞു.

ലോകോത്തര താരങ്ങള്‍ കളിക്കാനാഗ്രഹിക്കുന്ന ലോകോത്തര ലീഗാണ് ഐപിഎല്‍ എന്നതിനു യാതൊരു സംശയവുമില്ല എന്ന് സേവാഗ് കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇവര്‍ മാര്‍ക്കീ താരങ്ങള്‍

ഐപിഎല്‍ 2018 സീസണിലെ മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 16 താരങ്ങളെയാണ് മാര്‍ക്കീ താരങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 6 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്.

ഇന്ത്യന്‍ താരങ്ങള്‍: രവിചന്ദ്രന്‍ അശ്വിന്‍, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്

വിദേശ താരങ്ങള്‍: ക്രിസ് ഗെയില്‍, ബെന്‍ സ്റ്റോക്സ്, കെയിന്‍ വില്യംസണ്‍, ഗ്ലെന്‍ മാക്സ്‍വെല്‍, ജോ റൂട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫാഫ് ഡു പ്ലെസി, ഡ്വെയിന്‍ ബ്രാവോ, കീറണ്‍ പൊള്ളാര്‍ഡ്, ഷാകിബ് അല്‍ ഹസന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെന്‍ സ്റ്റോക്സിന്റെ കാര്യത്തില്‍ ഇളവ് നല്‍കി ഐപിഎല്‍

ബെന്‍ സ്റ്റോക്സ് ലേലത്തിനു ശേഷം ഐപിഎലില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ പകരം താരത്തെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ ബാറില്‍ നടന്ന അടിപിടിയ്ക്ക് ശേഷം ബെന്‍ സ്റ്റോക്സ് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ആഷസില്‍ നിന്ന് ഒഴിവാക്കിയ താരത്തോട് ഫെബ്രുവരി 13നു കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. ഐപിഎല്‍ ലേലത്തില്‍ പേര് ചേര്‍ത്ത താരം ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചേക്കാവുന്ന താരങ്ങളില്‍ ഒന്നാണ്.

നിയമ നടപടികള്‍ കാരണം സ്റ്റോക്സിനു ഐപിഎല്‍ നഷ്ടമാവുകയാണെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്ക് പകരം താരത്തെ തിരഞ്ഞെടുക്കാനാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റോക്സിനു അനുമതി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും കേസിന്റെ ഭാവി എന്താകുമെന്ന് ബോര്‍ഡിനും വലിയ പിടി ഇല്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍ ലേലം അവസാന ലിസ്റ്റില്‍ 578 താരങ്ങള്‍ മാത്രം

ഐപിഎല്‍ ലേല നടപടികള്‍ക്കായി അപേക്ഷിച്ച 1122 താരങ്ങളില്‍ നിന്ന് 578 താരങ്ങളെ മാത്രം നില നിര്‍ത്തി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഇതില്‍ 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഒരു സ്ക്വാഡിന്റെ വലുപ്പം 25 എന്നിരിക്കെ ഏകദേശം 182 താരങ്ങളാവും ലേലത്തില്‍ ടീമുകളില്‍ എത്തിച്ചേരുവാനുള്ള സാധ്യത. 18 താരങ്ങളെ നിലവില്‍ ഫ്രാഞ്ചൈസികള്‍ നില നിര്‍ത്തിയിട്ടുണ്ട്. 16 മാര്‍ക്കീ താരങ്ങള്‍ തങ്ങളുടെ വില 2 കോടി രൂപയായി ക്രമപ്പെടുത്തിയിട്ടുണ്ട്.

രണ്ട് കോടി വിഭാഗത്തില്‍ 36 താരങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 13 ഇന്ത്യക്കാരും 23 വിദേശികളും ഉള്‍പ്പെടുന്നു.

താരങ്ങളുടെ പൂര്‍ണ്ണ വിവരം:

http://www.iplt20.com/news/113978/vivo-ipl-2018-player-auction-list-announced

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തന്നെ ടീമിലെത്തിക്കാന്‍ വേറെ ഫ്രാഞ്ചൈസികളും ശ്രമിച്ചിരുന്നു: ധോണി

2018 ഐപിഎല്‍ നില നിര്‍ത്തല്‍ ഈവന്റിനു മുമ്പായി പല ഫ്രാഞ്ചൈസികളും തന്നെ സമീപിച്ചിരുന്നു എന്നറിയിച്ച് എംഎസ് ധോണി. എന്നാല്‍ ചെന്നൈയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ചല്ലാതെ ഞാന്‍ ഒന്നും തന്നെ ചിന്തിച്ചിരുന്നില്ല എന്നും ധോണി പറഞ്ഞു. ചെന്നൈയിലെ ഒരു ചടങ്ങില്‍ വെച്ചാണ് ധോണി തന്റെ മനസ്സ് തുറന്നത്. രണ്ട് വര്‍ഷത്തെ വിലക്ക് വന്നപ്പോള്‍ ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് പോയി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ 2008 മുതല്‍ 2015 വരെ ചെന്നൈയെ നയിച്ചത് ധോണിയായിരുന്നു. 2010, 11 വര്‍ഷങ്ങളില്‍ കിരീടം ചൂടിക്കാനും ധോണിയ്ക്ക് സാധിച്ചു. 2010ലെ ചാമ്പ്യന്‍സ് ലീഗിലും ധോണി സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്ക് നയിച്ചു.

ടീമിന്റെ കഷ്ട സമയത്തും ഒപ്പം നിന്ന ആരാധകരെയും വിശ്വാസം അര്‍പ്പിച്ച താരങ്ങളെയും ധോണി പ്രകീര്‍ത്തിക്കുകയുണ്ടായി. ഇവിടുത്തെ ആരാധകര്‍ താന്‍ അവരിലൊരാളാണെന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അത് വലിയൊരു കാര്യമാണ്. കൂടാതെ ഈ മാനേജ്മെന്റുമായി എനിക്കൊരു ബന്ധമുണ്ട് അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നും ധോണി ആവര്‍ത്തിച്ചു. ചിലര്‍ തെറ്റ് ചെയ്തിട്ടുണ്ടാവാം എന്നാല്‍ താരങ്ങളെല്ലാം തന്നെ കുറ്റവിമുക്തരാണ് അതിനാല്‍ തന്നെ ചെന്നൈയുടെ ആരാധകര്‍ ഈ രണ്ട് വര്‍ഷ കാലയളവില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്നും ധോണി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിനെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ ശ്രമിക്കും: ധോണി

ഐപിഎലിലേക്ക് തിരികെ എത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ത് വില കൊടുത്തും രവിചന്ദ്രന്‍ അശ്വിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് എംഎസ് ധോണി. 2009 മുതല്‍ സി എസ് കെയുടെ ഭാഗമാവുകയും 2016-17 സീസണുകളില്‍ ധോണിയോടൊപ്പം പൂനെയിലും കളിച്ച താരമാണ് അശ്വിന്‍. തമിഴ്നാട് താരമെന്ന നിലയിലും ചെന്നൈയുടെ പഴയ കോര്‍ ടീമിന്റെ ഭാഗമായതും അശ്വിനു വേണ്ടി ലേല യുദ്ധത്തിനു തങ്ങള്‍ തയ്യാറെന്നാണ് ധോണി നല്‍കുന്ന സൂചന. അശ്വിനു പുറമേ മുന്‍ ചെന്നൈ താരങ്ങളായ ഡ്വെയിന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസി, ബ്രണ്ടന്‍ മക്കല്ലം എന്നിവരെയും തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ധോണി പറഞ്ഞു.

ഇതൊക്കെയാണെങ്കിലും റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്താനാകൂ എന്നതിനെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ ദൗത്യം പ്രയാസകരമാകുമെന്നും ധോണി പറഞ്ഞു. ഇവരെല്ലാം തന്നെ ചാമ്പ്യന്‍ താരങ്ങളാണ്. ഏത് ടീമിനും ഇവരെ സ്വന്തമാക്കുവാന്‍ ആഗ്രഹം കാണും. അതിനാല്‍ തന്നെ ശ്രമം പ്രയാസകരമാകുമെന്ന് ധോണി അറിയിച്ചു.

മൂന്ന് ഇന്ത്യന്‍ താരങ്ങളെ നില നിര്‍ത്തിയതിനാല്‍ അശ്വിനെ റൈറ്റ് ടു മാച്ച് ഉപയോഗിച്ച് നിലനിര്‍ത്തുവാന്‍ ചെ്ന്നൈയ്ക്ക് ആകില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന വില കൊടുത്ത് തന്നെയാവും അശ്വിനെ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് ശ്രമിക്കേണ്ടി വരിക. ഇത് അശ്വിനു ടൂര്‍ണ്ണമെന്റില്‍ ഉയര്‍ന്ന വില ലഭിക്കുവാനും ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

47 കോടി രൂപയുമായാണ് ചെന്നൈ ലേലത്തിനു എത്തുക. അതിനാല്‍ തന്നെ എല്ലാ താരങ്ങള്‍ക്കും നല്‍കാവുന്ന വിലയെക്കുറിച്ച് ടീമിനു ധാരണയുണ്ട്. അതിനപ്പുറം പോയാല്‍ അവരെ ഉപേക്ഷിക്കുക എന്നത് മാത്രമാവും ടീമിനു മുന്നിലുള്ള വഴി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 മുതല്‍ ഐപിഎല്‍ സമയത്ത് വേറെ മത്സരങ്ങളില്ല

വരും വര്‍ഷങ്ങളില്‍ ഐപിഎല്‍ സമയത്ത് വേറെ രാജ്യങ്ങള്‍ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്ന സാഹചര്യത്തില്‍ ഇതിന്മേല്‍ കൂടുതല്‍ വിശദീകരണവുമായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍സ് ആന്‍ഡ് പ്രോഗ്രാം(FTP) 2019 മുതല്‍ ഏപ്രില്‍ മുതല്‍ മേയ് വരെ ഒരു മത്സരവും അല്ലെങ്കില്‍ വളരെ കുറച്ച് മത്സരം മാത്രമേ ഷെഡ്യൂള്‍ ചെയ്യുകയുള്ളു എന്നാണ് അറിയുവാന്‍ കഴിയുന്നത്.

മറ്റു ബോര്‍ഡുകള്‍ക്ക് ഐപിഎലിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായിട്ടുണ്ടെന്നും തങ്ങളുടെ താരങ്ങള്‍ ഐപിഎല്‍ കളിക്കണമെന്നും അവര്‍ക്ക് ആഗ്രഹമുണ്ടെന്ന് അഭിപ്രായപ്പെട്ട ജോഹ്രി ഇത് ഐപിഎലിന്റെ ശക്തിയെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ സീസണ്‍ മേയില്‍ ആരംഭിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. പക്ഷേ ജോ റൂട്ടുള്‍പ്പെടെയുള്ള കൂടുതല്‍ താരങ്ങള്‍ ഐപിഎലിലേക്ക് എത്തുന്നത് ബോര്‍ഡിന്റെ നിലപാട് മയപ്പെടുത്തുവാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

മറ്റു ബോര്‍ഡുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രധാന ആവശ്യം അവരുടെ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കുവാന്‍ അവസരം നല്‍കണമെന്നാണ്. പക്ഷേ ബിസിസിഐ തങ്ങളുടെ പഴയ നിലപാടില്‍ അയവ് വരുത്തുവാന്‍ ഒരു സാധ്യതയുമില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍ നിലനിര്‍ത്തല്‍ നടപടി കണ്ടത് 81 ലക്ഷം ആളുകള്‍

ഐപിഎലില്‍ ആദ്യമായി സംപ്രേക്ഷണം നടത്തിയ “റിട്ടന്‍ഷന്‍ ഈവന്റ്” ടീവിയിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും കണ്ടത് 81 ലക്ഷം ആളുകളെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് ഐപിഎല്‍ ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തുന്ന ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‍വര്‍ക്കിലും ഹോട്ട്സ്റ്റാറിലുമായാണ് ഇത്രയധികം ആളുകള്‍ ഈ പരിപാടി കണ്ടത്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന പ്രധാന ലേലത്തിനു മുമ്പായി ജനുവരി 4നായിരുന്നു നിലനിര്‍ത്തല്‍ നടപടി സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‍വര്‍ക്ക് സംപ്രേക്ഷണം ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിന്റെ അഭിപ്രായം തള്ളി ജോ റൂട്ട് ഐപിഎല്‍ ലേലത്തിനു

ഐപിഎല്‍ പങ്കെടുക്കേണ്ടതില്ല എന്ന ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസിന്റെ അഭിപ്രായം തള്ളി ജോ റൂട്ട്. 2018 ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 282 വിദേശ താരങ്ങളില്‍ ഒരാളായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഉണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. മൊത്തം 1122 താരങ്ങളാണ് ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ലേല നടപടികളില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യയില്‍ നിന്ന് 778 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഓസ്ട്രേലിയയില്‍ നിന്നാണ് കളിക്കാര്‍ കൂടുതല്‍. 58 താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളപ്പോള്‍ 57 താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുണ്ട്. വെസ്റ്റിന്‍ഡീസ്(39), ശ്രീലങ്ക(39), ന്യൂസിലാണ്ട്(30), ഇംഗ്ലണ്ട്(26) എന്നിങ്ങനെയാണ് മറ്റു ടെസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍.

അഫ്ഗാനിസ്ഥാനില്‍ നിന്ന് 13 താരങ്ങളും ബംഗ്ലാദേശില്‍ നിന്ന് 8 പേരും രജിസ്റ്റര്‍ ചെയ്ത ലേലത്തില്‍ പങ്കെടുക്കുവാന്‍ യുഎസ്എയില്‍ നിന്ന് രണ്ട് താരങ്ങള്‍ പേര് നല്‍കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവരാജ്, ഗെയില്‍, പൊള്ളാര്‍ഡ് എന്നിവരുടെ അടിസ്ഥാന വില 2 കോടി

ഐപിഎല്‍ ലേല തീയ്യതി അടുക്കും തോറും മുന്‍ നിര താരങ്ങളുടെ അടിസ്ഥാന വില സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ വരുന്നു. നേരത്തെ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും തങ്ങളുടെ അടിസ്ഥാന വില രണ്ട് കോടി ആക്കി വെച്ചതിനു പിന്നാലെ മുന്‍ നിര വിദേശ സ്വദേശ താരങ്ങളുടെയും അടിസ്ഥാന വിലയുടെ വിവരം പുറത്ത് വന്നിരിക്കുകയാണ്.

വിദേശ താരങ്ങളായ ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരും ഇന്ത്യന്‍ താരങ്ങളായ യൂസുവേന്ദ്ര ചഹാല്‍, യുവരാജ് സിംഗ് എന്നിവരും തങ്ങളുടെ വില 2 കോടി രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്താന്‍ സഹോദരന്മാര്‍ തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന വില തിരഞ്ഞെടുത്തു

പത്താന്‍ സഹോദരന്മാരായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും തങ്ങളുടെ അടിസ്ഥാന വില തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കായി ദേശീയ ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങള്‍ക്കുള്ള ഏറ്റവും കുറവ് തുകകളായ 50 ലക്ഷം, 75 ലക്ഷം എന്നിവയാണ് പത്താന്‍ സഹോദരന്മാര്‍ തിരഞ്ഞെടുത്തതെന്നാണ് വാര്‍ത്ത. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ഇര്‍ഫാന്‍ പത്താന്‍ ഏറ്റവും അടിസ്ഥാന വിലയായ 50 ലക്ഷമാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം യൂസഫ് പത്താന്‍ തനിക്ക് 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗംഭീറിന്റെയും ഹര്‍ഭജന്റെയും അടിസ്ഥാന വില രണ്ട് കോടി

ഐപിഎല്‍ ലേല നടപടികള്‍ക്കായി ഫ്രാഞ്ചൈസികള്‍ തയ്യാറെടുക്കുന്നതിനിടെ തങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിച്ച് രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന വില ഉറപ്പിക്കാന്‍ അഞ്ച് ഉപാധികളാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുവദിച്ചിട്ടുള്ളത്. 50 ലക്ഷം മുതല്‍ 2 കോടി ഇന്ത്യന്‍ രൂപ വരെയുള്ള അടിസ്ഥാന വിലയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തങ്ങള്‍ക്കായി പ്രഖ്യാപിക്കാവുന്നത്.

രണ്ട് കോടി രൂപയാണ് തങ്ങളുടെ അടിസ്ഥാന വിലയെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും ഗൗതം ഗംഭീറും തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഐപിഎല്‍ ലേല ദിവസം അടുത്ത് വരുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ തങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version