Site icon Fanport

തന്നെ ടീമിലെത്തിക്കാന്‍ വേറെ ഫ്രാഞ്ചൈസികളും ശ്രമിച്ചിരുന്നു: ധോണി

2018 ഐപിഎല്‍ നില നിര്‍ത്തല്‍ ഈവന്റിനു മുമ്പായി പല ഫ്രാഞ്ചൈസികളും തന്നെ സമീപിച്ചിരുന്നു എന്നറിയിച്ച് എംഎസ് ധോണി. എന്നാല്‍ ചെന്നൈയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ചല്ലാതെ ഞാന്‍ ഒന്നും തന്നെ ചിന്തിച്ചിരുന്നില്ല എന്നും ധോണി പറഞ്ഞു. ചെന്നൈയിലെ ഒരു ചടങ്ങില്‍ വെച്ചാണ് ധോണി തന്റെ മനസ്സ് തുറന്നത്. രണ്ട് വര്‍ഷത്തെ വിലക്ക് വന്നപ്പോള്‍ ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് പോയി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ 2008 മുതല്‍ 2015 വരെ ചെന്നൈയെ നയിച്ചത് ധോണിയായിരുന്നു. 2010, 11 വര്‍ഷങ്ങളില്‍ കിരീടം ചൂടിക്കാനും ധോണിയ്ക്ക് സാധിച്ചു. 2010ലെ ചാമ്പ്യന്‍സ് ലീഗിലും ധോണി സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്ക് നയിച്ചു.

ടീമിന്റെ കഷ്ട സമയത്തും ഒപ്പം നിന്ന ആരാധകരെയും വിശ്വാസം അര്‍പ്പിച്ച താരങ്ങളെയും ധോണി പ്രകീര്‍ത്തിക്കുകയുണ്ടായി. ഇവിടുത്തെ ആരാധകര്‍ താന്‍ അവരിലൊരാളാണെന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അത് വലിയൊരു കാര്യമാണ്. കൂടാതെ ഈ മാനേജ്മെന്റുമായി എനിക്കൊരു ബന്ധമുണ്ട് അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നും ധോണി ആവര്‍ത്തിച്ചു. ചിലര്‍ തെറ്റ് ചെയ്തിട്ടുണ്ടാവാം എന്നാല്‍ താരങ്ങളെല്ലാം തന്നെ കുറ്റവിമുക്തരാണ് അതിനാല്‍ തന്നെ ചെന്നൈയുടെ ആരാധകര്‍ ഈ രണ്ട് വര്‍ഷ കാലയളവില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്നും ധോണി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version