Site icon Fanport

കൊറോണ വൈറസ് ബാധ പടരുന്നതിനിടെ പരിശീലനം ആരംഭിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടരുന്നതിനിടെ പരിശീലനം പുനരാരംഭിച്ച് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിശീലനം ആരംഭിക്കുന്ന ആദ്യ ടീം കൂടിയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഖൻസോലീയിലെലെ റിലയൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് മുംബൈ ടീം പരിശീലനം ആരംഭിച്ചത്. നിലവിൽ മുംബൈയിൽ വസിക്കുന്ന താരങ്ങളെയാണ് ക്യാമ്പിനായി മുംബൈ ഇന്ത്യൻസ് ക്ഷണിച്ചിരിക്കുന്നത്. ഇത് പ്രകാരം ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ, ക്രൂണാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ്, ആദിത്യ താരേ, ധവാൽ കുൽക്കർണി എന്നിവരെ പരിശീലനത്തിനായി മുംബൈ ഇന്ത്യൻസ് ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ ഈ പ്രാരംഭ ക്യാമ്പിൽ താരങ്ങൾ നിർബന്ധമായും പങ്കെടുക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുടെ താല്പര്യത്തിന് അനുസരിച്ച് മാത്രം താരങ്ങൾ പരിശീലനം നടത്തിയാൽ മതി. സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചാവും ക്യാമ്പ് നടത്തുകയെന്നും മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാർച്ചിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

Exit mobile version